പി പി ചെറിയാന്‍
ഡാളസ് : ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് 48-ാമത് ആനന്ദ് ബസാറും ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനവും ആഘോഷിച്ചു. ഓഗസ്റ്റ് 23ന് ഫ്രിസ്‌കോ റഫ്റൈഡേഴ്സ് സ്റ്റേഡിയം കണ്ടത് അവിസ്മരണീയമായ ആഘോഷമായിരുന്നു. നോര്‍ത്ത് ടെക്സസിലെ ഏറ്റവും വലിയ സ്വാതന്ത്ര്യദിനാഘോഷങ്ങളിലൊന്നിന് വേദിയായ ഈ പരിപാടി സംഘടിപ്പിച്ചത് ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANT) ആണ്. പതിനായിരക്കണക്കിന് ആളുകളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. മുഖ്യാതിഥിയായ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡി.സി. മഞ്ജുനാഥ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
പ്രമുഖരും പ്രാദേശിക നേതാക്കളും സന്നദ്ധ സംഘടനകളും അണിനിരന്ന ദേശഭക്തി വിളിച്ചോതുന്ന പരേഡ്,ഡാലസിലെ പ്രാദേശിക ഡാന്‍സ് സ്‌കൂളുകള്‍ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികള്‍,അയാന്റ് നേതൃത്വത്തിലുള്ള രാജീവ് കാമത്ത്, മഹേന്ദര്‍ റാവു, ബി.എന്‍. റാവു എന്നിവരുടെ ഹൃദയസ്പര്‍ശിയായ പ്രസംഗങ്ങള്‍,ഭക്ഷണം, ഷോപ്പിംഗ്, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ എന്നിവയുമായി 130-ല്‍ അധികം സ്റ്റാളുകള്‍ കുട്ടികള്‍ക്കായി മെഹന്തി, ഫേസ് പെയിന്റിംഗ്, ബൗണ്‍സ് ഹൗസുകള്‍, ക്രിക്കറ്റ് ഇന്ത്യന്‍ ഐഡല്‍ 13-ാം വിജയി ഋഷി സിംഗ്, ഇന്ത്യന്‍ ഐഡല്‍ 14-ാം ഫൈനലിസ്റ്റ് അഞ്ജന പദ്മനാഭന്‍ എന്നിവര്‍ നയിച്ച സംഗീത കച്ചേരി,രാത്രി ആകാശത്തെ പ്രകാശപൂരിതമാക്കിയ അതിമനോഹരമായ വെടിക്കെട്ട്, വിവിധ വിനോദങ്ങള്‍ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചു.
ഐക്യം, സംസ്‌കാരം, ഇന്ത്യയുടെ ആത്മാവ് എന്നിവയെല്ലാം നോര്‍ത്ത് ടെക്‌സാസില്‍ വെച്ച് നാം ഒരുമിച്ച് ആഘോഷിച്ചു. ഈ അവിസ്മരണീയമായ ആഘോഷം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും സാമൂഹിക പങ്കാളികള്‍ക്കും വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ വര്‍ഗീസ് നന്ദി പറഞ്ഞു.
അയാന്റിനെക്കുറിച്ചും പരിപാടികളില്‍ എങ്ങനെ പങ്കാളിയാകാം എന്നതിനെക്കുറിച്ചും കൂടുതലറിയാന്‍ www.iant.org സന്ദര്‍ശിക്കുക.
India Association of North Texas celebrates 48th Anand Bazaar and India’s 79th Independence Day