വാഷിങ്ടൻ: ഇന്ത്യ നല്ലൊരു വ്യാപാരപങ്കാളിയല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതിൽ വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25% തീരുവയും അതിനുമേൽ പിഴയും ഈടാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഈ മാസം ഒന്നിന് ട്രംപ് ഒപ്പിട്ടിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും തീരുവ കൂട്ടുമെന്ന പ്രഖ്യാപനം.
സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന തന്റെ വാദവും ട്രംപ് ആവർത്തിച്ചു. ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം, അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാൽ ഞങ്ങൾ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് ഞങ്ങൾ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ഞാൻ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളിൽ ഗണ്യമായി ഉയർത്താൻ പോകുകയാണ്. അവർ റഷ്യയിൽനിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് (റഷ്യയുെ്രെകൻ യുദ്ധം)ഇന്ധനം പകരുകയുമാണ്. അവർ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കിൽ ഞാൻ സന്തോഷവാനായിരിക്കില്ല, ട്രംപ് പറഞ്ഞു.
ഇന്ത്യക്കുമേൽ ചുമത്തിയ തീരുവ ഉയർത്തുമെന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഇന്ത്യ, വലിയ അളവിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതിൽ ഏറിയ പങ്കും ഉയർന്ന ലാഭത്തിന് പൊതുവിപണിയിൽ വിൽക്കുകയും ചെയ്യുന്നു. യുെ്രെകനിൽ എത്രയാളുകൾ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവർക്ക് ആശങ്കയില്ല. അതിനാൽ ഇന്ത്യ, യുഎസ്എയ്ക്ക് നൽകേണ്ടുന്ന തീരുവ ഞാൻ ഉയർത്തും, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടുപിറ്റേന്ന് തീരുവ അടുത്ത 24 മണിക്കൂറിനകം ഉയർത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം.
ജൂലായ് 30ന് ആണ് ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെപേരിൽ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയിൽനിന്ന് ഇന്ത്യ വലിയതോതിൽ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
India is not a good trading partner; will increase tariffs again within 24 hours: Trump threatens