മോസ്കോ: ഇന്ത്യക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്താനിരിക്കെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമായി മുന്നോട്ട് പോകുമെന്ന് ജയശങ്കർ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക ചുമത്തിയ പിഴയെ അത്ഭുതപ്പെടുത്തുന്ന നീക്കമെന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്.മോസ്കോയിൽ നടന്ന ഇന്ത്യ റഷ്യ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്കൻ നീക്കത്തിന്റെ യുക്തിയില്ലായ്മയെ ജയശങ്കർ ചോദ്യം ചെയ്തു റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ ചൈനയാണെന്നും, റഷ്യൻ വാതകത്തിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാർ യൂറോപ്യൻ യൂണിയനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022-ന് ശേഷം റഷ്യയുമായി ഏറ്റവും കൂടുതൽ വ്യാപാരം വർദ്ധിപ്പിച്ചത് ഇന്ത്യയല്ലെന്നും ജയശങ്കർ പറഞ്ഞു. റഷ്യൻ എണ്ണയുടെ ഇറക്കുമതി വർദ്ധിപ്പിച്ച് ആഗോള ഊർജ്ജ വിപണി സ്ഥിരപ്പെടുത്താൻ നേരത്തെ അമേരിക്ക തന്നെ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ യു.എസിൽ നിന്നും എണ്ണ ഇറക്കുമതി വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിട്ടുള്ളത്. റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ലഭിക്കുന്ന വരുമാനം യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.