അയർലണ്ടിൽ ഇന്ത്യാക്കാർക്ക് നേരെ വീണ്ടും ആക്രമണം, കൗമാരക്കാരുടെ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്

അയർലണ്ടിൽ ഇന്ത്യാക്കാർക്ക് നേരെ വീണ്ടും ആക്രമണം,  കൗമാരക്കാരുടെ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്

ഡബ്ലിൻ: അയർലൻഡിൻ്റെ തലസ്ഥാനമായ ഡബ്ലിനിൽ കൗമാരക്കാരുടെ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്. ഡബ്ലിനിലെ ഫെയർവ്യൂ പാർക്കിൽ വെച്ച് കൗമാരക്കാരായ ഒരു സംഘം ഇന്ത്യൻ വംശജനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റു . 8 സ്റ്റിച്ച്ചുകൾ ഉണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇയാൾ ഇന്ത്യയിലേക്ക് മടങ്ങാനുള്ള നീക്കത്തിലാണ്.

പാർക്കിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇലക്ട്രിക് സ്കൂട്ടറിലെത്തിയ ഒരു കൗമാരക്കാരൻ വയറ്റിൽ ചവിട്ടുകയായിരുന്നു. ഇയാൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ മറ്റ് രണ്ട് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. നിലത്തുവീണതിന് ശേഷവും മർദനം തുടർന്നു. ഇതിനിടയിൽ ഒരാൾ കൈവശമുണ്ടായിരുന്ന മെറ്റൽ വാട്ടർ ബോട്ടിൽ ഉപയോഗിച്ച് കണ്ണിന് മുകളിൽ അടിച്ചു.

ആക്രമണസമയത്ത് നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് പരിക്കേറ്റയാൾ പറഞ്ഞു. പിന്നീട് രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ വന്ന് സഹായിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങൾ വർധിക്കുന്നതിനെ അയർലൻഡ് പ്രസിഡൻ്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ് ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ അപലപനീയമാണെന്നും, രാജ്യത്തിന് ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെ നന്ദിയോടെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൻ്റെ സാന്നിധ്യവും കഠിനാധ്വാനവും തങ്ങളുടെ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആക്രമണങ്ങൾ അതിഥി സൽക്കാരത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന അയർലൻഡിൻ്റെ സംസ്കാരത്തെ നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
LATEST
More Articles
Top