വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ താരിഫ് ഒരു വിദേശനയത്തിലെ ഏറ്റവും മണ്ടത്തരം നിറഞ്ഞ നീക്കമാണ് എന്ന് പ്രശസ്തനായ അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധൻ ജെഫ്രി സാക്സ്. ഇത് അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ഏഷ്യൻ സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കുമെന്നും അദ്ദേഹം വിമർശിച്ചു. ക്രിസ്റ്റൽ ബോൾ, സാഗർ എൻജെറ്റി എന്നിവർ അവതരിപ്പിക്കുന്ന ‘ബ്രേക്കിംഗ് പോയിന്‍റ്സ്’ ഷോയിൽ നൽകിയ അഭിമുഖത്തിലാണ് സാക്സിന്‍റെ പ്രതികരണം. ഇന്ത്യയ്‌ക്കെതിരായ ഈ താരിഫ് ഒരു തന്ത്രമല്ല, ഇതൊരു അട്ടിമറിയാണ്. യുഎസ് വിദേശനയത്തിലെ ഏറ്റവും മണ്ടത്തരം നിറഞ്ഞ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 25 ശതമാനം താരിഫ് ഒറ്റ രാത്രികൊണ്ട് ബ്രിക്സ് രാജ്യങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം ഒന്നിപ്പിച്ചു,” അദ്ദേഹം പറഞ്ഞു. താരിഫ് ഏർപ്പെടുത്തി 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഈ രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ നടക്കുകയും അത് യുഎസ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഡോണാൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങളെ ഒരുമിപ്പിച്ച ഒരു വലിയ നേതാവാണ്. ഇത് നല്ലതാണ്, എനിക്ക് ബ്രിക്സ് ഇഷ്ടമാണ്. പക്ഷേ ഇത് ലിൻഡ്സെ ഗ്രഹാം ചിന്തിച്ചതിന് വിപരീതമാണ് സംഭവിച്ചത്,” സാക്സ് പറഞ്ഞു. മുൻ ട്രംപ് വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോയെയും അദ്ദേഹം വിമർശിച്ചു. അദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉണ്ടെങ്കിലും ഒന്നും പഠിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു