62 ഐഐടികൾ സ്ഥാപിക്കാനുള്ള തുക! 10 വർഷത്തിടെ വിദേശ പഠനത്തിനായി ഇന്ത്യക്കാർ അയച്ച തുക, ഞെട്ടിക്കുന്ന കണക്കുകൾ

62 ഐഐടികൾ സ്ഥാപിക്കാനുള്ള തുക! 10 വർഷത്തിടെ വിദേശ പഠനത്തിനായി ഇന്ത്യക്കാർ അയച്ച തുക, ഞെട്ടിക്കുന്ന കണക്കുകൾ

ന്യൂഡൽഹി: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാർ വിദേശത്തേക്ക് അയച്ചത് റെക്കോർഡ് തുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 1.76 ലക്ഷം കോടി രൂപയാണ് ഈ കാലയളവിൽ വിദേശത്തേക്ക് അയച്ചത്. ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇന്ത്യ ടുഡേ ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ സാമ്പത്തിക വർഷം (2023–24) മാത്രം, വിദ്യാർത്ഥികൾ വിദേശത്തേക്ക് അയച്ചത് 29,000 കോടി രൂപയാണ്. ഇത് തൊട്ടുമുമ്പുള്ള വർഷത്തെ റെക്കോർഡ് തുകയേക്കാൾ അല്പം കുറവാണ്.

2014-ലെ കണക്കുകൾ പ്രകാരം ഒരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) സ്ഥാപിക്കാൻ 1,750 കോടി രൂപയായിരുന്നു ചെലവ്. പണപ്പെരുപ്പം കണക്കിലെടുത്ത് ഇത് 2025-ൽ 2,823 കോടി രൂപയായി ഉയർന്നു. ഈ കണക്കനുസരിച്ച്, കഴിഞ്ഞ പത്ത് വർഷത്തിനിടെ വിദേശത്തേക്ക് അയച്ച തുക കൊണ്ട് ഏകദേശം 62 ഐഐടികൾ സ്ഥാപിക്കാൻ സാധിക്കുമായിരുന്നു. കഴിഞ്ഞ വർഷം മാത്രം അയച്ച പണം കൊണ്ട് 10-ൽ അധികം ഐഐടികൾ തുടങ്ങാമായിരുന്നു.

വിദേശ പഠനത്തിനായി അയയ്ക്കുന്ന പണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 1,200 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. ഒരു ദശാബ്ദം മുമ്പ് ഇത് 2,429 കോടി രൂപയായിരുന്നെങ്കിൽ, 2022–23-ൽ ഇത് 29,171 കോടി രൂപയായി ഉയർന്നു. ഈ കണക്കുകൾ യുഎസ് ഡോളറിൽ നിന്ന് നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് രൂപയിലേക്ക് മാറ്റിയെടുത്തതാണ്.

കഴിഞ്ഞ വർഷം വിദേശത്ത് പഠിക്കാൻ പോയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 15 ശതമാനം കുറവുണ്ടായിട്ടും, 7,59,064 വിദ്യാർത്ഥികൾ രാജ്യം വിട്ടു. 2023-ൽ ഇത് 8,92,989 ആയിരുന്നെങ്കിലും, കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2019-ലെ 5,86,337 എന്ന കണക്കിനേക്കാൾ കൂടുതലാണ് 2024-ലെ ഈ കണക്ക്.

Share Email
LATEST
Top