കുവൈത്തിൽ അന്താരാഷ്ട്ര ലഹരി സംഘത്തെ പിടികൂടി; വലിയ അളവിൽ ലഹരി മരുന്ന് പിടിച്ചെടുത്തു

കുവൈത്തിൽ അന്താരാഷ്ട്ര ലഹരി സംഘത്തെ പിടികൂടി; വലിയ അളവിൽ ലഹരി മരുന്ന് പിടിച്ചെടുത്തു

രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ലഹരി ക്രിമിനൽ ശൃംഖലയെ തകർത്ത ആഭ്യന്തര മന്ത്രാലയം കുവൈത്തിൽ വിതരണത്തിനായി എത്തിച്ച വലിയ അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു.ഷുവൈഖ്, കെയ്ഫാൻ എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ ഏരിയകളിൽ നടത്തിയ പരിശോധനയിൽ രണ്ട് ഏഷ്യൻ സ്വദേശികൾ അറസ്റ്റിലായി.

ഇവരിൽ നിന്ന് 14 കിലോ ഹെറോയിൻ, 8 കിലോ മെത്താംഫെറ്റാമിൻ (ഷാബു), ലഹരി അളക്കുന്ന ഉപകരണങ്ങൾ തുടങ്ങി വൻ അളവിലുള്ള ലഹരി വസ്തുക്കൾ പിടികൂടി. ഇവരുടെ സാന്നിധ്യം മുതൽ കൈവശമുള്ള വസ്തുക്കൾ വരെയുള്ള എല്ലാ തെളിവുകളും പരിശോധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ മേൽനോട്ടത്തിലാണ് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടപ്പാക്കിയത്. പ്രതികളും പിടിച്ചെടുത്ത ലഹരി വസ്തുക്കളും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

മയക്കുമരുന്ന് കടത്തും ഉപയോഗവും കർശനമായി നിരീക്ഷിക്കുമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ നേരിടാൻ ശക്തമായ നടപടികൾ തുടരുമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംശയാസ്പദമായ സംഭവങ്ങൾ പൊതുജനം ഉടൻ 1884141 എന്ന നമ്പറിലൂടെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിൽ അറിയിക്കണം. ലഭിക്കുന്ന വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രാലയം ഉറപ്പ് നൽകി.

International Drug Ring Busted in Kuwait; Large Quantity of Narcotics Seized

Share Email
Top