ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല്, അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു, എതിർത്ത് പ്രതിപക്ഷം

ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല്,  അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു, എതിർത്ത് പ്രതിപക്ഷം

ഡൽഹി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷം ഈ ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ബിൽ കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) വിടാൻ തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി. എംപിമാരായ എൻ.കെ. പ്രേമചന്ദ്രനും കെ.സി. വേണുഗോപാലും ബില്ലിനെ എതിർത്തു. ബിൽ അംഗങ്ങൾക്ക് വായിക്കാൻ നൽകിയില്ലെന്നും ബിജെപിയിതര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള നീക്കമാണിതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. ബിൽ രാഷ്ട്രീയ ധാർമികതയ്ക്ക് എതിരാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. തുടർന്ന് അമിത് ഷായും വേണുഗോപാലും തമ്മിൽ വാക്പോരുണ്ടായി. താൻ മന്ത്രിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ധാർമികത കാത്ത് മന്ത്രിസ്ഥാനം രാജിവെച്ചാണ് ജയിലിൽ പോയതെന്ന് അമിത് ഷാ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് അമിത് ഷാ ഒന്നാം നിരയിൽ നിന്ന് മാറി മൂന്നാം നിരയിൽ നിന്നാണ് ബിൽ അവതരിപ്പിച്ചത്. ബിൽ ചർച്ച ചെയ്യുന്നതിനായി 31 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചു. ഇതിൽ 21 അംഗങ്ങൾ ലോക്‌സഭയിൽ നിന്നും 10 അംഗങ്ങൾ രാജ്യസഭയിൽ നിന്നുമാണ്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അഞ്ച് മണി വരെ നിർത്തിവെച്ചു.

അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ല് ആണ് ഇത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നിയമനവും ഉത്തരവാദിത്തവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 75ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് അവതരിപ്പിചത്.

തുടര്‍ച്ചയായ 30 ദിവസം കസ്റ്റഡിയിലോ തടവിലോ ആയിരിക്കുന്ന മന്ത്രിയെ 31ാം ദിവസം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതിക്ക് പുറത്താക്കാമെന്ന് ബില്ലില്‍ പറയുന്നു. സംസ്ഥാനങ്ങളുടെ മന്ത്രിമാരുടെ കേസില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കാം. ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്തേക്ക് തിരിച്ച് വരുന്നതിന് തടസമില്ലെന്നും പറയുന്നു. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമെങ്കിലും തടവിലായവര്‍ അയോഗ്യരാകുമെന്നാണ് നിലവിലെ വ്യവസ്ഥ.

Share Email
Top