ഗാസ പൂർണമായും കൈപ്പിടിയിലാക്കാൻ ഇസ്രായേൽ; 60,000 റിസർവ് സൈനികരെത്തും

ഗാസ പൂർണമായും കൈപ്പിടിയിലാക്കാൻ ഇസ്രായേൽ; 60,000 റിസർവ് സൈനികരെത്തും

ജറുസലേം: ഗാസ പൂർണമായും നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ നീക്കം തുടങ്ങി. ഇതിൻ്റെ ഭാഗമായി ഏകദേശം 60,000 റിസർവ് സൈനികരെ ഉടൻ സേവനത്തിന് തിരികെ വിളിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസ പിടിച്ചെടുക്കുന്നതിനുള്ള പദ്ധതിക്ക് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഈ നടപടി.

സെപ്റ്റംബറിൽ റിസർവ് സൈനികർ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുമെന്നും ഇവർ സജീവ സൈനിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും ഒരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. സെയ്തൂൺ, ജബാലിയ പ്രദേശങ്ങളിൽ സൈനിക നീക്കങ്ങൾ ആരംഭിച്ചതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഗാസയിലെ അഞ്ച് ഡിവിഷനുകൾ ആക്രമണത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷൻ പൂർത്തിയാകുന്നതോടെ ഗാസയുടെ സ്ഥിതി മാറുമെന്നും, പഴയതുപോലെയായിരിക്കില്ലെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.

നിലവിൽ ഗാസയുടെ 75 ശതമാനം പ്രദേശങ്ങളും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. പുതിയ സൈനിക നീക്കത്തിന് മുന്നോടിയായി ലക്ഷക്കണക്കിന് പലസ്തീനികളെ ഗാസ നഗരത്തിൽനിന്ന് തെക്കൻ ഗാസയിലെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും.

അതേസമയം, ഇസ്രായേൽ ആക്രമണം തുടങ്ങുന്നതിനുമുമ്പ് വെടിനിർത്തൽ കരാർ ഉറപ്പിക്കാൻ മധ്യസ്ഥരായ ഖത്തറും ഈജിപ്തും ശ്രമങ്ങൾ തുടരുകയാണ്. 60 ദിവസത്തെ വെടിനിർത്തലും, ഗാസയിൽ തടവിലാക്കപ്പെട്ട 50 ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള പുതിയ നിർദേശവും ഹമാസ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന ആവശ്യത്തിൽ ഇസ്രായേൽ ഉറച്ചുനിൽക്കുന്നുവെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ മാസം നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഗാസ പിടിച്ചെടുക്കാനുള്ള നീക്കം പ്രഖ്യാപിച്ചത്.

ഗാസയിലേക്ക് പൂർണമായി കടക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ ഫ്രാൻസടക്കമുള്ള പല രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. ഈ നീക്കം ഇരു ജനതയെയും ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. സാഹചര്യം കൂടുതൽ ഗുരുതരമാക്കുമെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയും (ഐസിആർസി) അഭിപ്രായപ്പെട്ടു.

Israel to completely control Gaza; 60,000 reserve soldiers to arrive

Share Email
LATEST
More Articles
Top