ഗസ്സയിലെ കുട്ടികൾ മുതൽ മുതിർന്നവരെ വരെ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ പട്ടിണിക്കിട്ടു കൊല്ലുന്ന ഇസ്രായേലിന്റെ ഉപരോധം വീണ്ടും ലോക മനസാക്ഷിയെ ഞെട്ടിക്കുന്നു . ഇപ്പോൾ, ഗസ്സയിൽ ഹമാസിന്റെ പിടിയിലായിരിക്കുന്ന ഇസ്രായേൽ പൗരൻ എവ്യതാർ ഡേവിഡിന്റെ ദുഃഖകരമായ അവസ്ഥ അൽ ഖസ്സം ബ്രിഗേഡ് പുറത്തുവിട്ട പുതിയ വീഡിയോയിലൂടെയാണ് പുറത്തുവരുന്നത്.
2023 ഒക്ടോബർ 7-ന് നടന്ന ഹമാസ് ആക്രമണത്തിൽ ബന്ദിയാക്കിയവരിൽ ഒരാളായ എവ്യതാർ, ഗസ്സയിലെ ഇടുങ്ങിയ തുരങ്കത്തിനുള്ളിൽ, പൊള്ളയായ ശരീരത്തോടെയും വിറയലോടെ പതിഞ്ഞ വാക്കുകളോടെയും പറയുന്നു, “ഞാൻ സ്വന്തം ശവക്കുഴി ഒരുക്കുകയാണ്,” എന്നും “ശരീരം ദിനംപ്രതി തളരുകയാണ്, ഇത് എന്റെ അവസാന യാത്രയാണ്,” എന്നും ഈയാൾ പറയുന്നത്.
ബന്ദിയാക്കിയ ഇസ്രായേൽ പൗരൻ്റെ ദൃശ്യങ്ങൾ ഇസ്രായേലിൽ പ്രതിഷേധങ്ങൾക്ക് വഴിതുറക്കുന്നു
എവ്യതാറിന്റെ ദൃശ്യം പുറത്തുവന്നതോടെ നെതന്യാഹു സർക്കാരിനും സൈന്യത്തിനുമെതിരെ ഇസ്രായേലിൽ കടുത്ത പ്രതിഷേധം ഉയർന്നു. ഉപരോധത്തിന്റെ ഇരകളിൽ ഇസ്രായേൽ പൗരന്മാരും ഉണ്ടെന്ന വസ്തുത ഹമാസ് തെളിയിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ വീഡിയോയെന്ന് നിരീക്ഷണം.
എവ്യതാർ ഡേവിഡിനെ ബോധപൂർവം പട്ടിണിയിലാക്കിയതാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തി. മോചനം ഉടൻ സാധ്യമാക്കണമെന്നും, ഇസ്രായേൽ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി നെതന്യാഹു എവ്യതാറിന്റെ കുടുംബവുമായി നേരിട്ട് സംവദിച്ചു.
ബന്ദിമോചനത്തിന് ആവശ്യവുമായി അന്താരാഷ്ട്ര സമ്മർദം
251 പേരെ ഹമാസ് ബന്ദിയാക്കിയതിൽ ഭൂരിഭാഗത്തെയും വിവിധ ഘട്ടങ്ങളിൽ മോചിപ്പിച്ചെങ്കിലും 49 പേർ, അവരുടെ നിർബന്ധിത സൈനികരായവരും, ഇപ്പോഴും ഗസ്സയിൽ ബന്ദികളായാണ് തുടരുന്നത്. എല്ലാവരെയും മോചിപ്പിക്കാൻ ശ്രമം തുടരുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കി.
ഗസ്സയിലെ പട്ടിണി മരണങ്ങൾ രൂക്ഷം
ഇതിനിടെ, ഇസ്രായേൽ ഉപരോധം മൂലം ഗസ്സയിലെ ഭക്ഷ്യ-മരുന്ന് ക്ഷാമം പതിവായ പട്ടിണിമരണങ്ങൾക്ക് വഴിയൊരുക്കുന്നു. കഴിഞ്ഞ ദിവസത്തിൽ മാത്രം ആറുപേർ, അവരിൽ പലരും കുട്ടികളാണ്, പട്ടിണിമൂലം മരണപ്പെട്ടു. ആകെ മരിച്ചവരിൽ 93 പേർ പിഞ്ചുകുട്ടികളാണെന്നും, മരണസംഖ്യ 175 ആയി ഉയർന്നതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടയിൽ ഈ ദൃശ്യം മനുഷ്യാവകാശ ലംഘനങ്ങളെയും, ഇരുപക്ഷത്തിന്റെയും ഉത്തരവാദിത്തത്തെയും കുറിച്ച് ഗഹനചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
Israeli Hostage Starving in Gaza; Shocking Footage Shows Him Digging His Own Grave