വാഷിംഗ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ മാതാവ് ജാക്ലിൻ ഗൈസ് ബെസോസ് (78) അന്തരിച്ചു. ലൂയി ബോഡി ഡിമെൻഷ്യ എന്ന രോഗത്തിന് ദീർഘകാലം ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ജെഫ് ബെസോസ് തന്നെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
മരണസമയത്ത് തൻ്റെ അമ്മയുടെ അടുത്ത് കുടുംബാംഗങ്ങൾ എല്ലാവരുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. “എനിക്ക് 17 വയസ്സുള്ളപ്പോൾ അവരെൻ്റെ അമ്മയായി. അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല, പക്ഷേ അവർ എല്ലാം ഭംഗിയായി കൈകാര്യം ചെയ്തു,” 61-കാരനായ ജെഫ് ബെസോസ് പറഞ്ഞു. “അവർ എന്നെ സ്നേഹിച്ചു, കുറച്ച് വർഷങ്ങൾക്ക് ശേഷം എൻ്റെ അച്ഛനെ അവർക്ക് കൂട്ടായി ലഭിച്ചു, പിന്നീട് എൻ്റെ സഹോദരിയെയും സഹോദരനെയും സ്നേഹിക്കാനുള്ളവരുടെ കൂട്ടത്തിൽ ചേർത്തു.”
“അവരുടെ ജീവിതത്തിലുടനീളം ഈ സ്നേഹത്തിൻ്റെ പട്ടിക വളർന്നുകൊണ്ടേയിരുന്നു. ലൂയി ബോഡി ഡിമെൻഷ്യയുമായുള്ള ഒരു നീണ്ട പോരാട്ടത്തിന് ശേഷം ഇന്ന് അവരെന്നെ വിട്ടുപോയി. ഞങ്ങളെല്ലാവരും അവരുടെ ചുറ്റുമുണ്ടായിരുന്നു – മക്കളും, പേരക്കുട്ടികളും, എൻ്റെ അച്ഛനും. അവസാന നിമിഷങ്ങളിൽ ഞങ്ങളുടെ സ്നേഹം അവർ അറിഞ്ഞിരുന്നുവെന്ന് എനിക്കുറപ്പുണ്ട്. അവരുടെ ജീവിതത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ്. അവരെ ഞാൻ എൻ്റെ ഹൃദയത്തിൽ എന്നും സൂക്ഷിക്കും,” ബെസോസ് കുറിച്ചു.