കന്യാസ്ത്രീകളെ വേട്ടയാടുന്നത് കിരാതത്വം, അമിത് ഷായുടെ ഉറപ്പുകൾ പാഴായി; രൂക്ഷവിമർശനവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കന്യാസ്ത്രീകളെ വേട്ടയാടുന്നത് കിരാതത്വം, അമിത് ഷായുടെ ഉറപ്പുകൾ പാഴായി; രൂക്ഷവിമർശനവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കൊച്ചി: ഛത്തീസ്ഗഢിൽ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും പ്രീതി മേരിയുടെയും ജാമ്യാപേക്ഷ കോടതി തള്ളിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പുകൾക്ക് വിരുദ്ധമായി ഛത്തീസ്ഗഢ് സർക്കാർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

നേരത്തെ, അമിത് ഷായുമായി നടത്തിയ ചർച്ചയിൽ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ലെന്ന് ഉറപ്പ് ലഭിച്ചിരുന്നതായി ബിഷപ്പ് പാംപ്ലാനി പറഞ്ഞു. എന്നാൽ, ഈ ഉറപ്പുകൾക്ക് വിരുദ്ധമായി ഛത്തീസ്ഗഢ് സർക്കാർ കോടതിയിൽ ജാമ്യത്തെ എതിർക്കുകയായിരുന്നു. ഇത് അമിത് ഷായുടെ വാക്കുകളെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും, വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾ ഒരു തെറ്റും ചെയ്തില്ലെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടിട്ടും അവരെ പുറത്തുവിടാൻ തയ്യാറാകാത്തത് കാലം മാപ്പുനൽകാത്ത കിരാതത്വമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മതപരിവർത്തന നിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്നതിന്റെ തെളിവാണിതെന്നും ബിഷപ്പ് പാംപ്ലാനി ചൂണ്ടിക്കാട്ടി.

“കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ക്രൈസ്തവർ ആരെയും ഇതുവരെ നിർബന്ധിച്ച് മതം മാറ്റിയിട്ടില്ല. ‘മതപരിവർത്തനം’ എന്ന പുകമറ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ അകാരണമായി വേട്ടയാടുകയാണ്. നിർബന്ധിത മതപരിവർത്തനം രാജ്യത്ത് നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

തുറങ്കിലടച്ച കന്യാസ്ത്രീകളെ പോലുള്ളവരെ പീഡിപ്പിക്കാൻ വേണ്ടിയാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നതെന്ന് ബിഷപ്പ് പാംപ്ലാനി ആരോപിച്ചു. ഇത് ഭരണഘടന ലംഘനമാണെന്നും, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11 സംസ്ഥാനങ്ങളിൽ ഇത്തരം നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനമാണോ എന്ന് തീരുമാനിക്കുന്നത് ‘കാപാലിക സംഘ’മാണെന്നും, അവരാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും പാംപ്ലാനി പറഞ്ഞു. ന്യൂനപക്ഷങ്ങളോട് കരുതലുണ്ടെങ്കിൽ ഈ നിയമം പിൻവലിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഛത്തീസ്ഗഢിൽ സിസ്റ്റർ പ്രീതിയും സിസ്റ്റർ വന്ദനയും അറസ്റ്റിലായതിന് പിന്നാലെ കേരളത്തിൽ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

Share Email
Top