തൃശൂർ: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് തൃശൂരിൽ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ സി.പി.എം. പ്രവർത്തകർ കരിഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി. നടത്തിയ മാർച്ച് അക്രമാസക്തമായി.
സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബി.ജെ.പി. നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതോടെ പോലീസ് ലാത്തിവീശി. ലാത്തിച്ചാർജിൽ ബി.ജെ.പി. ജില്ലാ അധ്യക്ഷൻ ജസ്റ്റിനടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ജസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുമായി ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.
ബി.ജെ.പി. ഓഫീസിൽനിന്ന് പഴയനടക്കാവിലേക്കും അവിടെനിന്ന് സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷനു മുന്നിൽ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതിനുവേണ്ട ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. എന്നാൽ, പഴയനടക്കാവിൽനിന്ന് ബി.ജെ.പി. പ്രവർത്തകർ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തുകയായിരുന്നു. ഇതോടെ കൂടുതൽ സി.പി.എം. പ്രവർത്തകർ ഓഫീസിനുള്ളിലെത്തി. പോലീസ് മാർച്ച് തടഞ്ഞതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പിന്നീട് കല്ലേറിലേക്കും ലാത്തിച്ചാർജിലേക്കും കാര്യങ്ങൾ നീങ്ങി. കല്ലേറിൽ രണ്ട് ബി.ജെ.പി. പ്രവർത്തകർക്ക് പരിക്കേറ്റു. ഇതോടെ എം.ജി. റോഡിലെ ബി.ജെ.പി. ഓഫീസിന് സമീപത്തേക്ക് സി.പി.എം. പ്രവർത്തകരും സംഘടിച്ചെത്തി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് സി.പി.എം. പ്രവർത്തകർ ആക്രമിച്ചതിൽ ബി.ജെ.പി. പ്രതിഷേധം ശക്തമാക്കി. മന്ത്രിയുടെ ഓഫീസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവിൽ അക്രമം നടത്താൻ അനുവദിക്കില്ല. ക്യാമ്പ് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി. അധ്യക്ഷൻ അറിയിച്ചു.
ജനാധിപത്യപരമായ സമരങ്ങളെ ബി.ജെ.പി. അംഗീകരിക്കും. സുരേഷ് ഗോപിക്കെതിരേ സി.പി.എമ്മും കോൺഗ്രസും ചേർന്ന് നടത്തുന്ന വ്യാജപ്രചാരണങ്ങൾ എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുന്നതാണെന്നും രാജീവ് കൂട്ടിച്ചേർത്തു.
BJP-CPM clash in Thrissur: March to protest attack on Union Minister’s office, BJP district president injured in lathicharge