സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം തൃശൂരിൽ വ്യാജ വോട്ടർമാരെ ചേർത്തത്, ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണം: പ്രതാപൻ

സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം തൃശൂരിൽ വ്യാജ വോട്ടർമാരെ ചേർത്തത്, ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണം: പ്രതാപൻ

തൃശൂർ: ബിജെപി കേന്ദ്രനേതൃത്വം തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ 30,000-ത്തിലധികം വ്യാജ വോട്ടുകൾ അവസാന നിമിഷം വ്യാജമായി ചേർത്തെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി എൻ പ്രതാപൻ ആരോപിച്ചു. 2023–24ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടിക പുതുക്കൽ ചുമതല വഹിച്ച സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ഈ ക്രമക്കേട് നടന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വോട്ടർമാരെ ചേർത്തതിൽ നടന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.

വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട പ്രതാപൻ, കരട് വോട്ടർ പട്ടികയിൽ ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) പരിശോധന നടത്തിയിരുന്നുവെന്നും അന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, അന്തിമ പട്ടികയിൽ അപ്രതീക്ഷിതമായി വ്യാജ വോട്ടർമാർ കടന്നുകൂടിയെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നും തൃശൂർ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും പോലും വോട്ടുകൾ ചേർത്തുവെന്നാണ് ആരോപണം.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ തൃശൂരിൽ ഒന്നര വർഷം ക്യാംപ് ചെയ്ത് വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാൻ നേതൃത്വം നൽകിയെന്ന് സമ്മതിച്ചതായി പ്രതാപൻ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകളിൽ ആരോപണങ്ങളിൽ അർധസത്യമുണ്ടെന്നും മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ചോദ്യങ്ങൾ ക്രമക്കേടിന്റെ കുറ്റസമ്മതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിവോടെയാണ് ഈ ക്രമക്കേട് നടന്നതെന്നും ഇത് ക്രിമിനൽ സ്വഭാവമുള്ളതാണെന്നും പ്രതാപൻ ആരോപിച്ചു. ഈ കേസുകൾ രജിസ്റ്റർ ചെയ്ത് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share Email
Top