കൈവിടില്ല, എഡിജിപി അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി വിധിക്കെതിരെ അപ്പീലിന് സർക്കാർ നീക്കം

കൈവിടില്ല, എഡിജിപി അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി വിധിക്കെതിരെ അപ്പീലിന് സർക്കാർ നീക്കം

തിരുവനന്തപുരം : വിവാദ എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി വിധിയിൽ സർക്കാർ അപ്പീലിന് നീക്കം. അനധികൃത സ്വത്ത് സമ്പാദന കേസിൽ എം.ആർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകാൻ ഒരുങ്ങുന്നത്. വിജിലൻസ് കോടതിയുടെ ഉത്തരവ് വിജിലൻസ് മാന്വലിന് വിരുദ്ധമാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. വിജിലൻസ് കോടതിയുടെ ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടും. സർക്കാർ നിർദേശിക്കുന്ന അന്വേഷണങ്ങളിൽ അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന നിലപാടിലാണ് ഇപ്പോൾ സർക്കാർ. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

എഡിജിപിയെ രക്ഷിച്ചെടുക്കാൻ അദൃശ്യശക്തി പ്രവർത്തിച്ചെന്ന് നിരീക്ഷിച്ചാണ് വിജിലൻസ് കോടതി കഴിഞ്ഞദിവസം റിപ്പോർട്ട് തള്ളുകയും സർക്കാരിനെയും വിജിലൻസിനെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തത്. സ്വർണക്കടത്തിലെ പങ്കും അനധികൃത സ്വത്തുസമ്പാദവും ഉൾപ്പെടെ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളിലെ വിജിലൻസ് അന്വേഷണത്തിൽ വീഴ്ചകളേറെയുണ്ടെന്നാണ് കണ്ടെത്തൽ. അന്വേഷണമെന്ന് പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. നടന്നത് പരിശോധന മാത്രമാണ്. കീഴുദ്യോഗസ്ഥരുടെ മൊഴി ആശ്രയിച്ചാണ് എഡിജിപിക്ക് വിജിലൻസ് സംഘം ക്ലീൻചിറ്റ് നൽകിയതെന്നും കണ്ടെത്തി. രേഖകൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും അന്വേഷണസംഘത്തിന് വീഴ്ചപറ്റി. എഡിജിപിയുടെ വാദം പിന്തുണയ്ക്കുന്നവരുടെ മൊഴികളാണ് അന്വേഷണറിപ്പോർട്ടിൽ കൂടുതലുമുള്ളതെന്നും കണ്ടെത്തിയിരുന്നു.

Share Email
Top