അറ്റ്‌ലാന്റിക് സിറ്റി, (ന്യൂ ജേഴ്‌സി): കഴിഞ്ഞ കാൽ നൂറ്റാണ്ടായി സനാതന ധർമ്മത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച് പ്രവർത്തിക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) പുതിയ ഭാരവാഹികളായി ടി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ടീം തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തിനൊടുവിൽ വൻ ഭൂരിപക്ഷത്തോടെയാണ് ഇവർ വിജയം നേടിയത്.
പുതിയ ഭാരവാഹികളായി ടി. ഉണ്ണികൃഷ്ണൻ (ടാമ്പ) പ്രസിഡന്റായും, സിനു നായർ (ഫിലാഡൽഫിയ) ജനറൽ സെക്രട്ടറിയായും, അശോക് മേനോൻ (ഒർലാണ്ടോ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, സഞ്ജീവ് കുമാർ (ന്യൂജേഴ്‌സി) വൈസ് പ്രസിഡന്റും, ശ്രീകുമാർ ഹരിലാൽ (മയാമി) ജോയിന്റ് സെക്രട്ടറിയും, അപ്പുകുട്ടൻ പിള്ള (ന്യൂയോർക്ക്) ജോയിന്റ് ട്രഷററുമാണ്. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ ചൊവ്വാഴ്ച നടന്ന ബാങ്ക്വറ്റിൽ സ്ഥാനമേറ്റു.
വോട്ട് നില: ആകെ വോട്ടുകൾ: 618
- പ്രസിഡന്റ്: ടി. ഉണ്ണികൃഷ്ണൻ – 397; ആതിര സുരേഷ് – 218
- ജനറൽ സെക്രട്ടറി: സിനു നായർ – 391; പദ്മജ പ്രേം – 224
- ട്രഷറർ: അശോക് മേനോൻ – 392; രവി വെള്ളാത്തെരി – 219
- വൈസ് പ്രസിഡന്റ്: കെ.വി. സഞ്ജീവ് കുമാർ – 362; മാധവൻ ശർമ്മ – 247
- ജോ. സെക്രട്ടറി: ശ്രീകുമാർ ഹരിലാൽ – 355; ഉമാ അയ്യർ – 254
- ജോ. ട്രഷറർ: അപ്പുക്കുട്ടൻ പിള്ള – 371; ബിനു കമാൽ – 234
- ട്രസ്റ്റി ബോർഡ് ചെയർ: വനജ നായർ – 427; ശശി മേനോൻ – 150
- ട്രസ്റ്റി ബോർഡ് സെക്രട്ടറി: പ്രയാഗ – 349; ബാഹുലേയൻ രാഘവൻ – 262
- ട്രസ്റ്റി ബോർഡ് അംഗം: സത്യജിത്ത് നായർ – 298; അമ്പാട്ട് ബാബു – 254
- ഡയറക്ടർ ബോർഡ് അംഗങ്ങൾ (രണ്ടു പേർ): പ്രസന്നൻ പിള്ള – 346; കല ഷാഹി – 230; പ്രകാശൻ നമ്പൂതിരി – 125
- ഡയറക്ടർ ബോർഡ് (യൂത്ത്): അഭിലാഷ് ജയചന്ദ്രൻ – 379; ആതിര ഷാഹി – 227
- എത്തിക്സ് കമ്മിറ്റി (രണ്ടു പേർ): ഗോപാലൻ നായർ – 357; രാംദാസ് പിള്ള – 232; സോമരാജൻ നായർ – 210
ഒരു വ്യാഴവട്ടത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം ഫ്ലോറിഡയിലേക്ക് കെഎച്ച്എൻഎയുടെ നേതൃത്വവും അടുത്ത കൺവെൻഷനും മടങ്ങിയെത്തുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. യുവതലമുറയിൽപ്പെട്ടവർ പ്രധാന സ്ഥാനങ്ങളിലേക്ക് കടന്നുവന്നതും ശ്രദ്ധേയമാണ്. നിയുക്ത പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർ വിവിധ സംഘടനകളിൽ പ്രവർത്തിച്ച് പരിചയസമ്പന്നരാണ്.
പ്രധാന ഭാരവാഹികളുടെ വിവരങ്ങൾ:
- ടി. ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്): കായംകുളം സ്വദേശിയായ ഇദ്ദേഹം 2000-ലാണ് അമേരിക്കയിലെത്തുന്നത്. ഫ്ലോറിഡയിലെ ടാമ്പയിൽ താമസിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ അഞ്ജന കൃഷ്ണൻ സോഫ്‌റ്റ്‌വെയർ എൻജിനീയറാണ്, മകൻ നീൽ കൃഷ്ണൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
- സിനു നായർ (ജനറൽ സെക്രട്ടറി): ഫിലാഡൽഫിയയിൽ നിന്നുള്ള വനിതാ നേതാവാണ് സിനു നായർ. കെഎച്ച്എൻഎ വിമൻസ് ഫോറം ചെയർപേഴ്സൺ, ഗ്രേറ്റർ ഫിലാഡൽഫിയ നായർ സൊസൈറ്റി പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെഎച്ച്എൻഎ വിരാട് 25 കൺവെൻഷൻ കോ-ചെയർ ആണ്.
- അശോക് മേനോൻ (ട്രഷറർ): ഒർലാൻഡോയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം കെഎച്ച്എൻഎയുടെ മുൻ ഓഡിറ്ററും നിലവിൽ ഡയറക്ടർ ബോർഡ് അംഗവുമാണ്. ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ ഇദ്ദേഹം ഒർലാൻഡോ ഹിന്ദു മലയാളി (ഓം) എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്.
- സഞ്ജീവ് കുമാർ (വൈസ് പ്രസിഡന്റ്): കെഎച്ച്എൻഎ ന്യൂജേഴ്‌സി (കെഎച്ച്എൻജെ) യുടെ മുൻ പ്രസിഡന്റും, കാഞ്ചിന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. നിലവിൽ കെഎച്ച്എൻഎ കൺവെൻഷൻ രജിസ്‌ട്രേഷൻ ചെയറാണ്. ഐ.ടി. പ്രൊഫഷണലാണ്.
- ശ്രീകുമാർ ഹരിലാൽ (ജോ. സെക്രട്ടറി): കെഎച്ച്എൻഎ മയാമി നാഷണൽ കൺവെൻഷൻ രജിസ്‌ട്രേഷൻ ചെയർമാൻ, കേരള ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
- അപ്പുകുട്ടൻ പിള്ള (ജോ. ട്രഷറർ): ന്യൂയോർക്കിലെ മലയാളി സംഘടനാരംഗത്ത് അരനൂറ്റാണ്ടായി സജീവമാണ്. ഫോക്കാനയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഓണാഘോഷത്തിൽ 50 വർഷമായി മാവേലിയായി വേഷമിടുന്നതിലൂടെ ഗിന്നസ് റെക്കോഡിനായി ശ്രമിക്കുന്നുണ്ട്.
KHNA: New team led by T. Unnikrishnan comes to power with a huge majority