വാഷിംഗ്ടൺ: തെറ്റായി നാടുകടത്തപ്പെട്ട മെരിലാൻഡ് സ്വദേശിയായ കിൽമാർ അബ്രേഗോ ഗാർസിയയെ വെള്ളിയാഴ്ച ടെന്നസിയിലെ ക്രിമിനൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. ട്രംപ് ഭരണകൂടം മാർച്ചിൽ ഇയാളെ എൽ സാൽവഡോറിലെ കുപ്രസിദ്ധ ജയിലിലേക്ക് നാടുകടത്തിയിരുന്നു. പിന്നീട് മനുഷ്യക്കടത്ത് കുറ്റത്തിന് വിചാരണ നേരിടാൻ യുഎസിലേക്ക് തിരിച്ചെത്തിച്ച ശേഷം ആദ്യമായാണ് ഇദ്ദേഹം തടവിലല്ലാതെ കഴിയുന്നത്.
രണ്ട് ഫെഡറൽ കേസുകൾ നേരിടാൻ ജൂണിൽ യുഎസിലേക്ക് തിരിച്ചെത്തിച്ച ശേഷം ഗാർസിയ ടെന്നസിയിലെ ജയിലിലായിരുന്നു. വിചാരണ തീരുന്നതുവരെ മോചിപ്പിക്കാൻ ഉത്തരവിടണമെന്ന് രണ്ട് ഫെഡറൽ ജഡ്ജിമാരെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ടെന്നസിയിലെ ജയിലിൽ നിന്ന് ഗാർസിയ പുറത്തിറങ്ങിയെങ്കിലും യുഎസിലെ അദ്ദേഹത്തിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
നീതിയിലേക്കുള്ള ഒരു പടി കൂടി ഞങ്ങൾ അടുത്തുവെങ്കിലും, കൂടുതൽ നീതി ലഭിക്കേണ്ടതുണ്ടെന്ന് കുടുംബാംഗങ്ങളുമായി ഒന്നിച്ച ശേഷം ഗാർസിയ പറഞ്ഞു. കുടിയേറ്റ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയായ CASA ആണ് വീഡിയോ പുറത്ത് വിട്ടത്.