‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’, മെസി വരുന്നേ മെസി! 4 ഇന്ത്യൻ നഗരങ്ങളിലെത്തുമെന്ന് സ്ഥിരീകരണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും, കേരളത്തിലേക്കില്ല?

‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’, മെസി വരുന്നേ മെസി! 4 ഇന്ത്യൻ നഗരങ്ങളിലെത്തുമെന്ന് സ്ഥിരീകരണം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും, കേരളത്തിലേക്കില്ല?

ലയണൽ മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് അന്തിമാനുമതി ലഭിച്ചതായി സ്ഥിരീകരണം. 2025 ഡിസംബർ 12 ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ എന്ന പേര് നൽകിയിരിക്കുന്ന ഈ പര്യടനത്തിൽ മെസി കൊൽക്കത്തയ്ക്ക് പുറമെ അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളും സന്ദർശിക്കുമെന്നാണ് വിവരം. പരിപാടിയുടെ പ്രമോട്ടറായ ശതദ്രു ദത്തയാണ് ഇക്കാര്യം വാർത്താ ഏജൻസിയായ പി ടി ഐയോട് സ്ഥിരീകരിച്ചത്. ഡിസംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും. കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസി, രണ്ട് പകലും ഒരു രാത്രിയും അവിടെ ചെലവഴിക്കും.

ഡിസംബർ 13ന് കൊൽക്കത്തയിലെ ഹോട്ടലിൽ നടക്കുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ അർജന്റീനിയൻ ചായയും ഇന്ത്യൻ അസം ചായയും സംയോജിപ്പിച്ച ഒരു ഫ്യൂഷൻ വിരുന്ന് ഒരുക്കുമെന്ന് ശതദ്രു ദത്ത അറിയിച്ചു. ഇതോടൊപ്പം, ഈഡൻ ഗാർഡൻസിലോ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലോ മെസിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങും നടക്കും. ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്ന ഈ സന്ദർശനം, ഇന്ത്യയിലെ മെസി ആരാധകർക്ക് അവിസ്മരണീയമായ അനുഭവമാകുമെന്നാണ് പ്രതീക്ഷ. അതേസമയം കേരളത്തിലേക്ക് ഇത്തവണ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്.

Share Email
LATEST
Top