ലണ്ടനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ നടന്ന തീവെപ്പിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരു 15-കാരനെയും 54-കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
മെട്രോപൊളിറ്റൻ പോലീസിന്റെ റിപ്പോർട്ടനുസരിച്ച്, റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ ഡൈനിംഗ് ഏരിയയ്ക്ക് തീയിടുകയായിരുന്നു. റെസ്റ്റോറന്റിന് വലിയ നാശനഷ്ടമുണ്ടായി. സംഭവസ്ഥലത്ത് വലിയ നിലവിളികൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. ലണ്ടൻ ആംബുലൻസ് സർവീസും ലണ്ടൻ ഫയർ ബ്രിഗേഡും സ്ഥലത്തെത്തി പരിക്കേറ്റവർക്ക് ചികിത്സ നൽകി. റെസ്റ്റോറന്റിൽ നിന്ന് അഞ്ച് പേരെ രക്ഷിച്ചു. ഒമ്പതോളം പേർ ഫയർ ബ്രിഗേഡ് എത്തുന്നതിന് മുൻപ് തന്നെ പുറത്തിറങ്ങിയതായി റിപ്പോർട്ടുണ്ട്.പോലീസ് എത്തുന്നതിന് മുൻപ് സംഭവസ്ഥലത്ത് നിന്ന് പോയ രണ്ട് പേരെ പോലീസ് അന്വേഷിച്ചുവരികയാണ്. രോഹിത് കലുവാല എന്ന ഇന്ത്യക്കാരനാണ് റെസ്റ്റോറന്റ് മാനേജർ. റെസ്റ്റോറൻ്റിൻ്റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു.