ട്രംപിന്‍റെ താരിഫ് ഭീഷണിയല്ല കാരണം, 26 കുറ്റവാളികളെ അമേരിക്കക്ക് കൈമാറി മെക്സിക്കോ; ട്രംപ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം

ട്രംപിന്‍റെ താരിഫ് ഭീഷണിയല്ല കാരണം, 26 കുറ്റവാളികളെ അമേരിക്കക്ക് കൈമാറി മെക്സിക്കോ; ട്രംപ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം

മെക്സിക്കോ 26 കുറ്റവാളികളെ അമേരിക്കക്ക് കൈമാറി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് ഭീഷണി കാരണമല്ല ഈ കുറ്റവാളികളെ കൈമാറിയതെന്നാണ് മെക്സിക്കോയുടെ വിശദീകരണം. നീതിനിർവഹണത്തിനായി ട്രംപ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് ഇവരെ കൈമാറിയതായതെന്നാണ് മെക്സിക്കോ പറയുന്നത്. ഈ കുറ്റവാളികൾ മെക്സിക്കൻ ജയിലുകളിൽനിന്ന് തങ്ങളുടെ നിയമവിരുദ്ധ ബിസിനസ്സുകൾ തുടരുന്നത് തടയാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെയും സിനലോവ കാർട്ടലിന്റെയും അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ യു.എസ്. അധികൃതർ തേടുന്ന സംഘത്തിലുള്ളവരാണ് ഇവരെന്നും മെക്സിക്കോ വ്യക്തമാക്കി.

‘യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തുന്ന ഉയർന്ന തീരുവയുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായല്ല ഈ കുറ്റവാളികളെ കൈമാറിയത്. ഈ കൈമാറ്റങ്ങൾ പൊതുസുരക്ഷ ഉറപ്പാക്കാനുള്ള തന്ത്രപരമായ നടപടി മാത്രമല്ല, കുറ്റവാളികൾ ജയിലുകളിൽനിന്ന് തങ്ങളുടെ സ്വാധീന ശൃംഖലകൾ പ്രവർത്തിപ്പിക്കുന്നത് തടയാനുള്ള ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്നു’ – എന്നാണ് മെക്സിക്കൻ സുരക്ഷാ മന്ത്രി ഒമർ ഗാർസിയ ഹർഫുച് അറിയിച്ചത്.

ഈ കൈമാറ്റത്തിൽ യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്, ഈ 55 പേർക്കെതിരെ (ഫെബ്രുവരിയിൽ കൈമാറിയ 29 പേർ ഉൾപ്പെടെ) വധശിക്ഷ ആവശ്യപ്പെടില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇത് കാർട്ടലുകളുടെ പ്രതികാര ആക്രമണങ്ങൾ ഒഴിവാക്കാൻ സഹായിച്ചേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഏകദേശം ആയിരത്തോളം നിയമപാലകരും 90 വാഹനങ്ങളും ഒരു ഡസനോളം സൈനിക വിമാനങ്ങളും ഈ ഓപ്പറേഷനിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

Share Email
More Articles
Top