ന്യൂയോർക്ക്: ഒരു സോഫ്റ്റ്വെയര്‍ കമ്പനി എന്ന നിലയിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യം ഇനി മുന്നോട്ടുപോകുന്നതിന് മതിയാവില്ലെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. നിര്‍മിതബുദ്ധിയുടെ മേഖലയില്‍ ഒരു ‘ഇന്റലിജന്‍സ് എഞ്ചിന്‍’ ആയി കമ്പനി മാറുമെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.
ഒരു പുതിയ യുഗത്തിനായി ദൗത്യം പുനര്‍വിഭാവനം ചെയ്യണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചപ്പോള്‍ അദ്ദേഹം വിഭാവനം ചെയ്തത് ഒരു സോഫ്റ്റ്വെയര്‍ കമ്പനി മാത്രമല്ല, ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിലോ വിഭാഗത്തിലോ ഒതുങ്ങാത്ത ഒരു സ്ഥാപനമാണ്. ആ ആശയം പതിറ്റാണ്ടുകളായി നമ്മെ നയിച്ചു. എന്നാല്‍ ഇനി അതുമാത്രം മതിയാവില്ല. പ്രത്യേക ജോലികള്‍ക്കായി സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുന്നതിലല്ല, മറിച്ച് ആര്‍ക്കും അവരവരുടെ സ്വന്തം ഇന്റലിജന്റ് ടൂളുകളും സൊല്യൂഷനുകളും നിര്‍മ്മിക്കാന്‍ സഹായിക്കുന്ന എഐ സിസ്റ്റങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് മൈക്രോസോഫ്റ്റിന്റെ ഭാവിയെന്ന് സിഇഒ പ്രഖ്യാപിച്ചു.
ആപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് അവ നിര്‍മ്മിക്കാന്‍ എല്ലാവരെയും പഠിപ്പിക്കുന്നതിലേക്കുള്ള മാറ്റത്തിനാണ് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു ഗവേഷകനെയോ വിശകലന വിദഗ്ദ്ധനെയോ അല്ലെങ്കില്‍ ഒരു കോഡിംഗ് ഏജന്റിനെയോ തങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഒരു ലോകമാണ് സിഇഒ വിഭാവനം ചെയ്യുന്നത്. ഈ മാറ്റത്തിന് മൈക്രോസോഫ്റ്റിന്റെ മുഴുവന്‍ സാങ്കേതിക അടിത്തറയും പുനര്‍രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്ന് നാദെല്ല ഊന്നിപ്പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ആപ്പ് പ്ലാറ്റ്ഫോം, ആപ്പുകള്‍ എന്നിവയെല്ലാം എഐയ്ക്കായി പുനര്‍വിഭാവനം ചെയ്യും. ഈ ഇന്റലിജന്‍സ് എഞ്ചിന്‍ സമീപനം ഓരോ കമ്പനിയിലും സമൂഹത്തിലും രാജ്യത്തും പ്രാദേശികമായ അഭിവൃദ്ധി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ, മുമ്പ് വന്‍കിട കോര്‍പ്പറേഷനുകള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും മാത്രം ലഭ്യമായിരുന്ന ശക്തമായ എഐ കഴിവുകളിലേക്കുള്ള പ്രവേശനം ജനാധിപത്യവത്കരിക്കപ്പെടുമെന്നും കമ്പനി വിലയിരുത്തുന്നുണ്ട്.
ഓപ്പണ്‍എഐയുമായി സഹകരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ശതകോടീശ്വരനും എക്‌സ് എഐ സിഇഒയുമായ ഇലോണ്‍ മസ്‌ക് നേരത്തെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൈക്രോസോഫ്റ്റിനെ ചാറ്റ്ജിപിടി ജീവനോടെ വിഴുങ്ങും എന്നായിരുന്നു മുന്നറിയിപ്പ്. മസ്‌കിന്റെ പോസ്റ്റിനോട് നാദെല്ല ശാന്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. 50 വര്‍ഷമായി ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഇതിലെ രസം! ഓരോ ദിവസവും നിങ്ങള്‍ പുതിയ എന്തെങ്കിലും പഠിക്കുന്നു, നവീകരിക്കുന്നു, പങ്കാളികളാകുന്നു, മത്സരിക്കുന്നു. എന്നായിരുന്നു നാദെല്ലയുടെ പ്രതികരണം.
Microsoft CEO Satya Nadella says No longer a software company, but an ‘intelligence engine’