കൊച്ചി : കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷവും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ തുടരുകയാണ്. രാഹുലിന്റെ മോശം പെരുമാറ്റം കാരണം രണ്ട് യുവതികൾ കെ.എസ്.യു വിടുകയും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തുവെന്ന് എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസിലെ ഒരു സെക്രട്ടറി വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് പുതിയ വിവാദം ആരംഭിച്ചത്.
ഈ സന്ദേശത്തെ തുടർന്ന് ഗ്രൂപ്പിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമായി. “നാണംകെട്ടവന്മാരെ ചുമക്കേണ്ട ആവശ്യമെന്താണ്” എന്ന് മറ്റൊരു ജില്ലാ വൈസ് പ്രസിഡന്റ് ചോദിച്ചതോടെ തർക്കം രൂക്ഷമായി. ചർച്ചകൾ പുറത്തുപോകാതിരിക്കാൻ പിന്നീട് ഗ്രൂപ്പ് അഡ്മിൻ ഒൺലിയായി മാറ്റി.
നേരത്തെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുലിന്റെ ഓഡിയോ സന്ദേശത്തെക്കുറിച്ചുള്ള ആരോപണവും പുറത്തുവന്നിരുന്നു. ഈ വിവാദങ്ങളെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.