ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയെ ഏറ്റെടുക്കാന്‍ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് 9740 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ചോദിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യമാണ് ഈ നീക്കങ്ങള്‍ നടന്നത്. ഓപ്പണ്‍ എഐയ്‌ക്കെതിരായി മസ്‌ക് നല്‍കിയ കേസിന്റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട രേഖകളിലാണ് ഈ വിവരമുള്ളത്.
ഒരു നോണ്‍ പ്രോഫിറ്റ് സ്ഥാപനമായിരുന്ന ഓപ്പണ്‍ എഐയെ ഫോര്‍ പ്രോഫിറ്റ് സ്ഥാപനമാക്കി മാറ്റാനുള്ള സാം ഓള്‍ട്ട്മാന്റെ തീരുമാനം കരാര്‍ ലംഘനമാണെന്ന് കാണിച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇലോണ്‍ മസ്‌ക് രംഗത്തുവന്നിരുന്നു. ഓപ്പണ്‍ എഐ ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നൊരു സ്ഥാപനമായി മാറുന്നതിനെ സഹസ്ഥാപകന്‍ കൂടിയായ മസ്‌ക് എതിര്‍ത്തിരുന്നു.
കമ്പനി ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തിക പിന്തുണയ്ക്കായി ഇലോണ്‍ മസ്‌കും എക്‌സ് എഐയും നിക്ഷേപകരുടെ ഒരു കണ്‍സോര്‍ഷ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നതായി കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ ഓപ്പണ്‍ എഐ പറഞ്ഞു. നിക്ഷേപമോ സാമ്പത്തിക പിന്തുണയോ ആവശ്യപ്പെട്ട് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനേയും മസ്‌ക് സന്ദര്‍ശിച്ചതായി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ സക്കര്‍ബര്‍ഗോ മെറ്റയോ അതിന് തയ്യാറാവുകയോ കരാറൊപ്പിടുകയോ ചെയ്തിട്ടില്ല.
അതേസമയം, ഓപ്പണ്‍ എഐ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മസ്‌കും സക്കര്‍ബര്‍ഗും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. പൊതുവെ ശത്രുത പുലര്‍ത്തുന്ന ഇരുവരും തങ്ങളുടെ വൈരാഗ്യം മറന്ന് പങ്കാളിത്തത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍, അത് ഓപ്പണ്‍ എഐയുമായി ബന്ധപ്പെട്ട് അവര്‍ക്ക് വലിയ ആശങ്കയുണ്ട് എന്നതിന്റെ തെളിവാണ്.
ഓപ്പണ്‍ എഐയെ വെല്ലുവിളിച്ച് സ്വന്തം സൂപ്പര്‍ ഇന്റലിജന്‍സ് ലാബിന് തുടക്കമിട്ട മെറ്റ, ഓപ്പണ്‍ എഐയില്‍ നിന്നും ഗൂഗിളില്‍ നിന്നും മറ്റ് മുന്‍നിര എഐ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമായി ഒട്ടനവധി എഐ വിദഗ്ദരെയാണ് പുതിയ എഐ സംരംഭത്തിലേക്ക് കടത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും എഐ രംഗത്ത് കടുത്ത ടാലന്റ് വാറിന് തുടക്കമിടുകയും ചെയ്തിരുന്നു.
Musk asks Mark Zuckerberg for $97.4 billion in funding to acquire Open AI