ന്യൂയോർക്ക്: ചൊവ്വാഗ്രഹത്തിൽ ഒരു കാലത്ത് ജീവികൾ ഉണ്ടായിരുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ കണ്ടെത്തൽ. ചൊവ്വയുടെ ഉപരിതലത്തിൽ പവിഴപ്പുറ്റുകളുടെ ആകൃതിയിലുള്ള ഒരു പാറക്കല്ല് ക്യൂരിയോസിറ്റി റോവർ പകർത്തിയതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. ഒറ്റനോട്ടത്തിൽ ഇത് ഒരു അന്യഗ്രഹ ജീവിയെപ്പോലെ തോന്നിക്കും.
കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൊവ്വയുടെ ഉപരിതലത്തിലൂടെ വെള്ളം ഒഴുകിയപ്പോൾ ഇത് രൂപപ്പെട്ടിരിക്കാമെന്നാണ് നാസയുടെ വിശദീകരണം. ഒരു കാലത്ത് ചൊവ്വയിൽ ജീവന്റെ അംശങ്ങൾ ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നത്.
ഈ രൂപങ്ങൾ ചൊവ്വയിലെ ഫോസിലൈസ് ചെയ്ത ജീവജാലങ്ങളുടെ തെളിവാകാമെന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. ധാതുക്കളാൽ സമ്പുഷ്ടമായ വെള്ളം പണ്ട് കാലത്ത് പാറകളിലെ ചെറിയ വിള്ളലുകളിലേക്ക് ഒലിച്ചിറങ്ങിയെന്നും, പിന്നീട് കോടിക്കണക്കിന് വർഷത്തെ കാറ്റും മണ്ണൊലിപ്പും കാരണം ഇന്ന് കാണുന്ന രീതിയിൽ രൂപം കൊണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ക്യൂരിയോസിറ്റി റോവർ ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്.
കോടിക്കണക്കിന് വർഷത്തെ കാറ്റിന്റെ സ്വാധീനം മൂലം ചുറ്റുമുള്ള പാറകൾ ഇല്ലാതാകുകയും ഇന്ന് കാണുന്ന രൂപങ്ങൾ അവശേഷിക്കുകയും ചെയ്തതാണെന്ന് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നു. കഴിഞ്ഞ മാസം 24-നാണ് നാസ ഈ ചിത്രം പകർത്തിയത്. നാസയുടെ റോബോട്ട് ഇപ്പോൾ ഗെയിൽ ക്രേറ്റർ എന്ന മേഖലയിലാണ് പര്യവേഷണം നടത്തുന്നത്.
തണുത്തുറഞ്ഞ ചൊവ്വാഗ്രഹത്തിൽ ആദ്യകാലം മുതൽ തന്നെ വെള്ളം ഉണ്ടായിരുന്നു എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ അവിടെ ജീവനും ഉണ്ടായിരുന്നു എന്ന് തന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്. 2024-ൽ നാസയുടെ പെർസെവറൻസ് റോവർ ചൊവ്വാഗ്രഹത്തിലെ പുരാതന ജീവന്റെ ആദ്യത്തെ സാധ്യമായ അടയാളങ്ങൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരുന്നു.
NASA has discovered that there was once life on Mars.