മാറ്റങ്ങളുമായി നാളെ മുതൽ യുഎഇയിൽ പുതിയ അധ്യയന വർഷം; നിർമിത ബുദ്ധി നിർബന്ധ പാഠ്യവിഷയം

മാറ്റങ്ങളുമായി നാളെ മുതൽ യുഎഇയിൽ പുതിയ അധ്യയന വർഷം; നിർമിത ബുദ്ധി നിർബന്ധ പാഠ്യവിഷയം

അബുദാബി:പുതിയ അധ്യയന വർഷവുമായി നാളെ യുഎഇയിലെ പത്തുലക്ഷത്തിലേറെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തും. സർക്കാർ, സ്വകാര്യ സ്കൂളുകളിലായി അരലക്ഷത്തിലധികം പുതുതായി സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികളെയും വരവേൽക്കും.

ഈ വർഷം മുതൽ കെജി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിർബന്ധമാക്കി . ഡാറ്റ, ആൽഗോരിതം, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ, എഐയുടെ സാധ്യതകളും അപകടങ്ങളും, എഐ അധിഷ്ഠിത പദ്ധതികളും, എഐയുടെ സമൂഹഗുണകരമായ ഉപയോഗവും ഉൾപ്പെടുത്തിയതാണ് പാഠ്യപദ്ധതി.

അതോടൊപ്പം നഴ്സറി മുതൽ അറബിക്, ഇസ്‌ലാമിക് പഠനം നിർബന്ധമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ കുറഞ്ഞത് നാല് മണിക്കൂർ അറബിക് പഠനം വേണം. 2026–27 അധ്യയന വർഷത്തോടെ ഇത് 5 മണിക്കൂറായി ഉയർത്തും. മാതൃഭാഷ അറബിക് ആയവർക്കും അല്ലാത്തവർക്കുമായി പ്രത്യേകം പാഠ്യപദ്ധതിയും ഒരുക്കിയിട്ടുണ്ട്. പാട്ട്, കഥ, കളി തുടങ്ങി രസകരമായ രീതികളിലാണ് അറബിക് പഠിപ്പിക്കുക.

അധ്യാപകർക്ക് പ്രത്യേക പരിശീലനം

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കായി അധ്യാപകരും സ്റ്റാഫും കഴിഞ്ഞ ആഴ്ച മുതലേ സ്കൂളുകളിൽ എത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയവും എമിറേറ്റുകളിലെ വകുപ്പുകളും ചേർന്ന് സംഘടിപ്പിച്ച 23,000 അധ്യാപകരുടെ പ്രൊഫഷണൽ ഡവലപ്‌മെന്റ് പ്രോഗ്രാമിൽ 170 മണിക്കൂർ പരിശീലനം നൽകി. ഇതിൽ 110 മണിക്കൂറും വർക്ക്‌ഷോപ്പുകൾ ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സ്റ്റാഫ് തുടങ്ങി എല്ലാവർക്കും പ്രത്യേക പരിശീലനവും ലഭിച്ചു.

രക്ഷിതാക്കൾക്കായി ഫ്ലെക്സിബിൾ ജോലി സമയം

സ്കൂൾ തുറക്കുന്ന ആദ്യ ദിവസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ജോലിയിൽ മൂന്ന് മണിക്കൂർ ഇളവ് അനുവദിച്ചു. നഴ്സറി, കിൻഡർഗാർട്ടൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ആഴ്ചവരെ ഈ ആനുകൂല്യം ലഭിക്കും. പിക്ക്-അപ്പ്, ഡ്രോപ്-ഓഫ് ദിനചര്യകളിൽ കുടുംബങ്ങൾക്ക് പൊരുത്തപ്പെടാൻ സമയം നൽകുന്നതിനാണ് നടപടി.

ഇന്ത്യൻ സിലബസ് സ്കൂളുകൾക്ക് രണ്ടാംപാദം

പ്രാദേശികവും വിദേശ സിലബസ് സ്കൂളുകളും പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, ഇന്ത്യൻ സിലബസ് സ്കൂളുകൾ ഏപ്രിലിലാണ് അധ്യയന വർഷം തുടങ്ങിയിരിക്കുന്നത്. അതിനാൽ ഇവിടങ്ങളിൽ നാളെ രണ്ടാംപാദ പഠനം തുടരും.

ഭാവിയെ ലക്ഷ്യംവച്ച്

പുതുതലമുറയ്ക്ക് ഹൈടെക് വിജ്ഞാന ലോകത്തിലേക്കുള്ള പ്രവേശനം ഒരുക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമം. ഭാവി ലോകത്തിന് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനാണ് വിവിധ വിദ്യാഭ്യാസ വകുപ്പുകൾക്കും സ്കൂൾ മാനേജ്മെന്റുകൾക്കും നൽകിയ നിർദേശം.

New Academic Year in UAE from Tomorrow with Key Changes; Artificial Intelligence Made a Mandatory Subject

Share Email
Top