യാക്കോബായ സുറിയാനി സഭക്ക് ഷാർലറ്റിൽ പുതിയ ദേവാലയം

യാക്കോബായ സുറിയാനി സഭക്ക് ഷാർലറ്റിൽ പുതിയ ദേവാലയം

നോർത്ത് കരോലിന: അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യെൽദോ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ഷാർലറ്റിൽ പുതിയതായി സ്ഥാപിച്ച സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിക്ക് കൂദാശ ചെയ്തു. 2025 ഓഗസ്റ്റ് 8, 9 (വെള്ളി, ശനി) തീയതികളിലാണ് കൂദാശ കർമ്മങ്ങൾ നടന്നത്.

ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഷാർലറ്റിലെത്തിയ അഭിവന്ദ്യ തിരുമേനിക്ക് ഇടവക വികാരി റവ. ഫാദർ കുര്യാക്കോസ് പുന്നച്ചാലിൽ, പള്ളി ഭരണ സമിതി അംഗങ്ങൾ, വിശ്വാസികൾ എന്നിവർ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന് നടന്ന സന്ധ്യാ പ്രാർത്ഥനകൾക്ക് ശേഷം പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മവും പള്ളിക്കൂദാശയുടെ ഒന്നാം ഭാഗവും നടന്നു.

സിറ്റി മേയർ റിച്ചാർഡ് ഫ്രാങ്ക്‌സ്, വാർഡ് കൗൺസിൽ അംഗങ്ങളായ ഡോണിയേൽ ബാർബർ, ഡിമിട്രി, ഫയർ ഡിപ്പാർട്ട്‌മെന്റ് മേധാവികളായ ഹണ്ട് റോബർട്ട്, ചാൾസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വന്ദ്യ കോറെപ്പിസ്‌കോപ്പമാരായ മാത്യു തോമസ് ഇട്ടത്തറ, ജോസഫ് സി. ജോസഫ്, വൈദികരായ റവ. ഫാദർ ബേസിൽ എബ്രഹാം, റവ. ഫാദർ ജോസഫ് കുളത്തറമണ്ണിൽ, റവ. ഫാദർ ഡോ. തോമസ് ഫിലിപ്പ്, റവ. ഫാദർ ജെയിംസ് എബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു.

ഓഗസ്റ്റ് 9 ശനിയാഴ്ച, അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലും മറ്റ് വൈദികരുടെ സഹകാർമികത്വത്തിലും പള്ളിക്കൂദാശയുടെ രണ്ടാം ഭാഗമായ വിശുദ്ധ മൂറോൻ കൂദാശയും തുടർന്ന് വി. കുർബാനയും നടന്നു. ഇതോടെ കൂദാശ കർമ്മങ്ങൾ പൂർത്തിയായി. മുൻ വികാരിമാരായ വന്ദ്യ കോറെപ്പിസ്‌കോപ്പ മാത്യു തോമസ് ഇട്ടത്തറയെയും റവ. ഫാദർ ജെയിംസ് എബ്രഹാമിനെയും ചടങ്ങിൽ ആദരിച്ചു.

കൂദാശയോടനുബന്ധിച്ച് നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ, ഒന്നാം സമ്മാനമായ 2500 ഡോളർ ഷാർലറ്റിൽ നിന്നുള്ള ജെയിംസ് ജോസഫിനും, രണ്ടാം സമ്മാനമായ 1500 ഡോളർ ലിനിൻ ബ്രൂക്ക് സെന്റ് മേരീസ് ഇടവകാംഗമായ ജോജി കുര്യാക്കോസിനും, മൂന്നാം സമ്മാനമായ 1000 ഡോളർ ഷാർലറ്റിൽ നിന്നുള്ള ക്രിസ് തോമസിനും ലഭിച്ചു.

പള്ളി വികാരി റവ. ഫാദർ കുര്യാക്കോസ് പുന്നച്ചാലിൽ, സെക്രട്ടറി ഷാജി പീറ്റർ, ട്രസ്റ്റി രൂബേൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: വർഗീസ് പാലമലയിൽ, മലങ്കര അതിഭദ്രാസന പി.ആർ.ഓ.

New church for Jacobite Syrian Church in Charlotte

Share Email
Top