പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ച; യാത്രക്കാർക്ക് സൗകര്യവും സർക്കാരിന് ഇരട്ടനീതിയെന്ന വിമർശനവും

പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ച; യാത്രക്കാർക്ക് സൗകര്യവും സർക്കാരിന് ഇരട്ടനീതിയെന്ന വിമർശനവും

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാഗ്ദാനപ്രകാരം സംസ്ഥാനത്ത് എത്തിയ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ദീർഘദൂര സർവീസുകൾക്കായി പഴക്കം ചെന്ന ബസുകൾക്ക് പകരമായി എത്തിയ പുതിയ മോഡലുകൾ യാത്രക്കാർക്ക് ഏറെ സൗകര്യങ്ങൾ ഒരുക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ, സർക്കാരിന്റെ ഇരട്ട നിലപാടാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. ടൂറിസ്റ്റ് ബസുകൾ വെള്ളയടിക്കാൻ നിർദേശിച്ച സർക്കാരിന് സ്വന്തം ബസുകൾക്ക് ഇഷ്ടമുള്ള നിറങ്ങളിൽ പുറത്തിറങ്ങാൻ അനുവാദമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

അശോക് ലെയ്ലാൻഡ് ഷാസിയിലുള്ള സ്ലീപ്പർ, സീറ്റർ, സ്ലീപ്പർ–കം–സീറ്റർ ബസുകളാണ് പുറത്തിറങ്ങിയത്. ബെംഗളൂരുവിലെ പ്രമുഖ കമ്പനിയായ പ്രകാശ് ഇവ നിർമിച്ചിരിക്കുന്നു. ബസുകളുടെ വർണചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടതോടെയാണ് വിമർശനം ശക്തമായത്.

2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പത് പേർ കൊല്ലപ്പെട്ട ടൂറിസ്റ്റ് ബസ് അപകടത്തിന് ശേഷമാണ് ടൂറിസ്റ്റ് ബസുകൾക്ക് കളർകോഡ് സംവിധാനം സർക്കാർ നിർബന്ധമാക്കിയത്. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന വർണചിത്രങ്ങൾ ഒഴിവാക്കണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. വെളുത്ത നിറത്തിൽ മാത്രം സർവീസ് നടത്തണമെന്ന് നിർദേശം വന്നതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ തിരിച്ചടിയായി.

പുതിയ കെ.എസ്.ആർ.ടി.സി ബസുകളുടെ ഡിസൈൻ ഗണേഷ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണനാണ് തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിയുടെ മകൻ തന്നെയാണ് ഡിസൈൻ ചെയ്തതെന്നതിനാൽ മോട്ടോർ വാഹന വകുപ്പ് കണ്ണടക്കുന്നുവോ എന്ന വിമർശനവുമുണ്ട്. ഇരട്ടനീതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ചില ടൂറിസ്റ്റ് ബസ് ഉടമകൾ അറിയിച്ചു.

New KSRTC Buses Spark Social Media Buzz; Comfort for Passengers, Allegations of Double Standards Against Government

Share Email
Top