ന്യൂഡൽഹി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ പ്രത്യേക എൻഐഎ കോടതി ശനിയാഴ്ച വിധിപറയും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ സാങ്കേതികമായി എതിർത്തെങ്കിലും കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന് പറഞ്ഞതല്ലാതെ ജാമ്യത്തെ എതിർക്കുന്ന ശക്തമായ വാദങ്ങൾ ഉന്നയിക്കാനോ തെളിവുകൾ നിരത്താനോ പ്രോസിക്യൂഷൻ ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. കന്യാസ്ത്രീകൾക്കെതിരേ പരാതി നൽകിയ ബജ്‍റംഗ്‍ദൾ പ്രവർത്തകർക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിർത്തു.
മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസിയുവാവ് സുഖ്മാൻ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റിലായ അന്നുമുതൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുകയാണ്.
NIA court verdict on Malayali nuns’ bail plea today