ടെൽ അവീവ്: ഗസയിൽ വ്യാപകമായ പട്ടിണി വർധിപ്പിക്കുന്ന നയങ്ങൾ അവസാനിപ്പിക്കണമെന്നും, ഇസ്രായേലിന്റെ സൈനിക അധിനിവേശ പദ്ധതികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് 10 നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ 23 പ്രമുഖ യു.എസ്-യൂറോപ്യൻ സാമ്പത്തിക വിദഗ്ധർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തുറന്ന കത്തയച്ചു. ഗസ്സയിലെ 21 ലക്ഷം നിവാസികളിൽ മൂന്നിലൊന്ന് പേർ ഭക്ഷണമില്ലാതെ ദിവസങ്ങളോളം കഴിയുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടി, ജനങ്ങൾക്ക് നിയന്ത്രണങ്ങളില്ലാതെ ഭക്ഷ്യസഹായം ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
നോബൽ ജേതാവും എം.ഐ.ടി സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡാരൺ അസെമോഗ്ലു ‘എക്സ്’ വഴി ഈ കത്ത് പങ്കുവെച്ചു, ഗസ്സയിലെ പട്ടിണിയും നിർബന്ധിത മാറ്റിപ്പാർപ്പിക്കൽ പദ്ധതികളും തങ്ങളെ ആശങ്കയിലാഴ്ത്തുന്നുവെന്ന് വ്യക്തമാക്കി. മൂന്ന് മാസം മുമ്പുള്ള വിലയെ അപേക്ഷിച്ച് ഗസ്സയിലെ വിപണി വിലകൾ പത്തിരട്ടിയായി വർധിച്ചതായും കത്തിൽ പറയുന്നു. മനുഷ്യരെന്ന നിലയിലും സാമ്പത്തിക വിദഗ്ധരെന്ന നിലയിലും, പട്ടിണിയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ ഉടൻ നിർത്തലാക്കണമെന്ന് ഈ വിദഗ്ധർ ശക്തമായി ആവശ്യപ്പെട്ടു.