ഫൊക്കാന കേരള കൺവെൻഷൻ 2025-ന് കുമരകത്ത് ഉജ്ജ്വല തുടക്കം

ഫൊക്കാന കേരള കൺവെൻഷൻ 2025-ന് കുമരകത്ത് ഉജ്ജ്വല തുടക്കം

കോട്ടയം: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) കേരള കൺവെൻഷൻ-2025ന് കുമരകത്ത് തുടക്കമായി. ഗോകുലം ഗ്രാൻഡ് ഫൈവ് സ്റ്റാർ റിസോർട്ടിലെ ‘ഡോ. അനിരുദ്ധൻ നഗറിൽ’ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ട വ്യക്തികളും സദസ്സും പങ്കെടുത്തു. സഹകരണ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാതൃഭൂമിയോടുള്ള ഫൊക്കാനയുടെ സ്നേഹവും കരുതലും പൊക്കിൾക്കൊടി ബന്ധവും ഉദ്ഘാടന ചടങ്ങിൽ പ്രകടമായി.

കേരളത്തിന്റെ ശബ്ദവും താളവും സമ്മേളിച്ച ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിമാരടക്കമുള്ള മുഖ്യാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. ഫൊക്കാനയുടെ സ്ഥാപക നേതാവ് ഡോ. എം. അനിരുദ്ധൻ, അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു. ലഹരിവ്യാപനം കേരളത്തിലെ യുവജനങ്ങളെയും കുട്ടികളെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, മയക്കുമരുന്നിനെതിരെയുള്ള വിളംബരത്തോടെയാണ് കൺവെൻഷന് തിരിതെളിഞ്ഞത്.

ഫൊക്കാനയുടെ സേവനങ്ങൾ മഹത്തരം: മന്ത്രി വി.എൻ. വാസവൻ

വിഖ്യാത സഞ്ചാര സാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാടിനെ ഫൊക്കാനയോട് ഉപമിച്ചുകൊണ്ടാണ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടന പ്രസംഗം നടത്തിയത്. കോഴിക്കോട് എന്ന ജന്മദേശത്ത് കാലുറപ്പിച്ചു കൊണ്ടാണ് എസ്.കെ. പൊറ്റെക്കാട് ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചത്. തന്റെ സഞ്ചാരം തുടരുമ്പോഴും അദ്ദേഹം ജന്മനാടിനെ മറന്നില്ല. അതുപോലെ, ജീവസന്ധാരണത്തിനായി മാതൃഭൂമിയിൽ നിന്ന് അകന്നു നിൽക്കുമ്പോഴും കൃത്യമായ ഇടവേളകളിൽ നാട്ടിലെത്തുന്ന ഫൊക്കാന കുടുംബാംഗങ്ങളുടെ വിവിധ മേഖലകളിലുള്ള സേവനങ്ങൾ മഹത്തരമാണെന്ന് വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി.

ലഹരിക്കെതിരെയുള്ള ഫൊക്കാനയുടെ മുന്നേറ്റങ്ങളെ അഭിനന്ദിച്ച് റോഷി അഗസ്റ്റിൻ

മുഖ്യപ്രഭാഷണം നടത്തിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ലഹരിക്കെതിരെ ഫൊക്കാന നടത്തുന്ന മുന്നേറ്റങ്ങളെ ശ്ലാഘിച്ചു. ലഹരിവ്യാപനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് കേരള സർക്കാർ കൈക്കൊള്ളുന്നതെന്നും, ആ പ്രക്രിയയിൽ ഫൊക്കാനയുടേതായ പങ്കാളിത്തം വഹിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളം ഇപ്പോൾ പഴയ കേരളമല്ലെന്നും, വികസനോന്മുഖ കേരളത്തിന്റെ അംബാസഡർമാരാകാനുള്ള ഫൊക്കാനയുടെ മനസ്സും നിശ്ചയദാർഢ്യവും മാതൃകാപരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫൊക്കാന ആവിഷ്കരിക്കുന്ന ഓരോ പദ്ധതിക്കും കൃത്യമായ സന്ദേശമുണ്ടെന്ന് പറഞ്ഞു. പ്രതിവർഷം 1500 പേർ മുങ്ങിമരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളെ രക്ഷിക്കുന്നതിനായി നടപ്പാക്കിയ ‘സ്വിം കേരള സ്വിം’ പദ്ധതി ജലസുരക്ഷ ഉറപ്പാക്കുന്ന ഒന്നാണ്. ‘ലൈഫ് ആൻഡ് ലിംബ്’ പദ്ധതി ജീവകാരുണ്യത്തിന്റെ സന്ദേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗം സ്വന്തം ജീവിതത്തോടുള്ള കഠിനമായ ശിക്ഷ: അടൂർ ഗോപാലകൃഷ്ണൻ

കേരളത്തിന്റെ സിനിമാപാരമ്പര്യം ലോകോത്തരമാക്കിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ സാന്നിധ്യം കൺവെൻഷന് മാറ്റുകൂട്ടി. ലഹരിക്കെതിരെയുള്ള ഫൊക്കാനയുടെ കാമ്പയിൻ ഉദ്ഘാടനം ചെയ്ത അടൂർ, “ലഹരി ഉപയോഗം സ്വന്തം ജീവിതത്തോടുള്ള ഏറ്റവും കഠിനമായ ശിക്ഷ”യാണെന്ന് അഭിപ്രായപ്പെട്ടു. ഫൊക്കാന ഈ വർഷം ഏർപ്പെടുത്തിയ ‘ഭാരതശ്രേഷ്ഠ’ പുരസ്കാരം മന്ത്രി വി.എൻ. വാസവൻ അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ചു.

സമ്മേളനത്തിൽ, ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാരായ പോൾ കറുകപ്പള്ളിൽ, ജോർജി വർഗീസ് എന്നിവരെ വി.എൻ. വാസവൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീസ് പദം അലങ്കരിച്ച മാമൻ സി. ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പോസ് എന്നിവരുടെ സേവനങ്ങൾ മാനിച്ച് അടൂർ ഗോപാലകൃഷ്ണൻ ഇരുവരെയും പൊന്നാട അണിയിച്ചു.

വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു

വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള പുരസ്കാരദാനമായിരുന്നു സമ്മേളനത്തിലെ മറ്റൊരു ഹൈലൈറ്റ്.

  • സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് റിട്ട. ഐ.എ.എസ്. ഓഫീസർ കെ.വി. മോഹൻകുമാറിന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി സമ്മാനിച്ചു.
  • ആരോഗ്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി.ഇ.ഒ.യുമായ റവ. ഫാ. ബിനു കുന്നത്തിന് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം നൽകി.
  • ‘വാണിജ്യശ്രേഷ്ഠ അവാർഡ്’ ഡോ. ഗീവർഗീസ് യോഹന്നാൻ, ഡോ. വിജു ജേക്കബ്, സാന്റി മാത്യു എന്നിവർ മന്ത്രി വി.എൻ. വാസവനിൽനിന്ന് ഏറ്റുവാങ്ങി.

കെ.വി. മോഹൻകുമാർ, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, വേണു രാജാമണി ഐ.എഫ്.എസ്, അനിൽ അടൂർ, ഫോക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ്, ഡോ. മാത്യൂസ് കെ. ലൂക്ക് മന്നിയോട്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. കൺവെൻഷൻ ചെയർമാൻ ജോയി ഇട്ടൻ ആമുഖ പ്രസംഗം നടത്തി. ട്രഷറർ ജോയി ചാക്കപ്പൻ നന്ദി രേഖപ്പെടുത്തി.

രണ്ടാം ദിവസമായ ഓഗസ്റ്റ് 2 സാഹിത്യ സെമിനാർ, ബിസിനസ് സെമിനാർ, ഭാഷയ്ക്കൊരു ഡോളർ സെഷൻ, വിമൻസ് ഫോറം സെമിനാർ, സ്കോളർഷിപ്പ് വിതരണം, മീഡിയ സെമിനാർ, ‘സ്വിം കേരള സ്വിം’ ഫൈനൽ, സമാപന സമ്മേളനം, കലാപരിപാടികൾ തുടങ്ങിയവ നടക്കും.

Fokana Kerala Convention 2025 gets off to a flying start in Kumarakom

Share Email
Top