നിർമിത ബുദ്ധി (എ.ഐ.) അതിവേഗം അതിന്റെ കഴിവുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എഴുത്ത്, ചിത്രങ്ങൾ, വീഡിയോകൾ, സംഗീതം എന്നിവ സൃഷ്ടിക്കുന്നതിനപ്പുറം, എ.ഐ. ഇപ്പോൾ ജീവശാസ്ത്രത്തിന്റെ ആഴങ്ങളിലേക്കും കടന്നുചെല്ലുകയാണ്. സിലിക്കൺ വാലിയിലെ റെട്രോ ബയോസയൻസസ് എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച്, ഓപ്പൺ എ.ഐ. ജി.പി.ടി.4ബി മൈക്രോ (GPT-4b micro) എന്ന പുതിയ എ.ഐ. മോഡൽ വികസിപ്പിച്ചതായി പ്രഖ്യാപിച്ചു. പ്രോട്ടീൻ ശ്രേണികൾ, ജീവശാസ്ത്ര പുസ്തകങ്ങൾ, ത്രിമാന തന്മാത്ര ഘടനകൾ എന്നിവയിൽ പരിശീലനം നേടിയ ഈ മോഡൽ, ബയോടെക്നോളജി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
സാധാരണ ചാറ്റ്ബോട്ടുകളിൽനിന്ന് വ്യത്യസ്തമായി, ജി.പി.ടി.4ബി മൈക്രോ പ്രോട്ടീനുകൾ രൂപകൽപ്പന ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ എ.ഐ.യാണ്. മനുഷ്യശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളായ പ്രോട്ടീനുകൾ സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. റീജനറേറ്റീവ് മെഡിസിനിൽ, കേടായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനോ അറ്റകുറ്റപ്പണി നടത്താനോ ഈ എ.ഐ. ഉപയോഗിക്കാം.
ഓപ്പൺ എ.ഐ.യുടെ പ്രഖ്യാപനമനുസരിച്ച്, ജി.പി.ടി.4ബി മൈക്രോയെ യമനക ഫാക്ടറുകൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കാം. യമനക ഫാക്ടറുകൾ എന്നാൽ നാല് പ്രത്യേകതരം പ്രോട്ടീനുകളാണ്. ഇവയ്ക്ക് മുതിർന്ന കോശങ്ങളെ, ഉദാഹരണത്തിന് ചർമ്മകോശങ്ങളെ, സ്റ്റെം സെല്ലുകളാക്കി മാറ്റാൻ കഴിയും. ശരീരത്തിലെ ഏതുതരം കോശമായും രൂപാന്തരപ്പെടാൻ ശേഷിയുള്ള വൈവിധ്യമാർന്ന കോശങ്ങളാണ് സ്റ്റെം സെല്ലുകൾ. 2012-ൽ യമനക ഫാക്ടറുകളുടെ കണ്ടെത്തലിന് നോബൽ സമ്മാനം ലഭിച്ചിരുന്നു. ജി.പി.ടി.4ബി മൈക്രോയുടെ സഹായത്തോടെ, ഗവേഷകർ ഈ പ്രോട്ടീനുകളെ കൂടുതൽ കാര്യക്ഷമമാക്കാനും, വൈദ്യചികിത്സകൾക്കായി മെച്ചപ്പെട്ട സ്റ്റെം സെല്ലുകൾ നിർമിക്കാനും ശ്രമിക്കുന്നു.
ലബോറട്ടറി പരീക്ഷണങ്ങളിൽ, എ.ഐ. സൃഷ്ടിച്ച പ്രോട്ടീൻ വകഭേദങ്ങൾ യഥാർത്ഥ പ്രോട്ടീനുകളെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഗവേഷകർ കണ്ടെത്തി. ഈ എ.ഐ.-നിർമിത പ്രോട്ടീനുകൾ പ്രായമായ കോശങ്ങളെ യുവത്വമുള്ളവയായി പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചു, ഇത് ഗവേഷകരെ അത്ഭുതപ്പെടുത്തി.
ഭാവിയിൽ, പ്രായമാകുന്നത് നിയന്ത്രിക്കാനോ വൈകിപ്പിക്കാനോ, യൗവനം തിരികെ കൊണ്ടുവരാനോ ഉള്ള ചികിത്സകൾക്ക് ഈ എ.ഐ. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷ. ജൈവശാസ്ത്രവും എ.ഐ.യും സംയോജിപ്പിക്കുന്ന ഈ പുതിയ വഴി, മനുഷ്യന്റെ ആരോഗ്യവും ദീർഘായുസ്സും വർദ്ധിപ്പിക്കുന്നതിന് അനന്തമായ സാധ്യതകൾ തുറന്നിടുന്നു.
Open AI has developed the GPT4B micro model, which opens up possibilities for treatments that restore youth.