വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്നതിനിടെ റിലയന്‍സിന്റെ ഗുജറാത്തിലെ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് സൈനികമേധാവി അസിം മുനീര്‍. ഭാവിയില്‍ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്റെ ജാംനഗറിലെ പെട്രോളിയും ശുദ്ധീകരണശാലയില്‍ ആക്രമണം നടത്തുമെന്നാണ് അസിം മുനീറിന്‍റെ പരാമർശം.
ഫ്‌ളോറിഡയിലെ ടാമ്പയില്‍ അമേരിക്കക്കാരായ പാകിസ്താനികള്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തേക്കുറിച്ചുള്ള അസിം മുനീറിന്റെ പരാമര്‍ശം. ഇനി ഇന്ത്യയുമായി ഒരു ഏറ്റമുട്ടല്‍ ഉണ്ടായാല്‍, പാകിസ്താന് എന്താണ് ചെയ്യാനാവുക എന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതിന് താന്‍ അനുമതി നല്‍കിയതായി അസിം മുനീര്‍ പറഞ്ഞു. മുകേഷ് അംബാനിയുടെ പേര് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ പരാമര്‍ശമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയ്ക്കെതിരേ അസിം മുനീർ ആണവ ഭീഷണി ഉയർത്തിയിരുന്നു. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീറിന്‍റെ ഭീഷണി. ”ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും”, ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നില്‍ പങ്കെടുത്തവരോട് മുനീര്‍ പറഞ്ഞു.
യുഎസുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ അസിം മുനീറിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍. സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീര്‍ ഭീഷണി മുഴക്കി. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍, നിര്‍മാണം പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീര്‍ പറഞ്ഞു. ‘ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ല’, അസിം മുനീര്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ ഭീഷണി.
ഇന്ത്യയുമായി നാലു ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുനീര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. ഫെരാരി പോലെ ഹൈവേയിലൂടെ വരുന്ന ഒരു മെഴ്സിഡസാണ് ഇന്ത്യയെന്നും എന്നാല്‍, പാകിസ്താന്‍ ഒരു ഡംപ് ട്രക്കാണെന്നും പറഞ്ഞ മുനീര്‍, ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആരാണ് തകര്‍ക്കപ്പെടുകയെന്നും ചോദിച്ചു. കാനഡയിലെ സിഖ് നേതാവിന്റെ കൊലപാതകവും ഖത്തറില്‍ എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതും കുല്‍ഭൂഷണ്‍ യാദവ് കേസുമെല്ലാം പ്രസംഗത്തിനിടെ എടുത്തുപറഞ്ഞ മുനീര്‍, ഇന്ത്യ തീവ്രവാദത്തില്‍ പങ്കാളിയാണെന്നും ആരോപിച്ചു.
Pakistan Army Chief threatens to attack Reliance’s oil refinery in Gujarat