പാക്കിസ്ഥാന്റെ ഉപപ്രധാനമന്ത്രി–വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ ഓഗസ്റ്റ് 23ന് ബംഗ്ലദേശ് സന്ദർശിക്കും. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വേഗത്തിൽ മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം.
ഈ വർഷം ഏപ്രിലിൽ തന്നെ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായപ്പോൾ പദ്ധതി മാറ്റി വച്ചിരുന്നു.
സന്ദർശനത്തിന്റെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇടക്കാല സർക്കാരിന്റെ നേതാവ് മുഹമ്മദ് യൂനുസുമായി ധർ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പാക്കിസ്ഥാൻ–ബംഗ്ലദേശ് ബന്ധം കടുത്ത സമ്മർദ്ദത്തിലായിരുന്നു . എന്നാൽ കഴിഞ്ഞ മാസം, നയതന്ത്ര-ഔദ്യോഗിക പാസ്‌പോർട്ടുള്ളവർക്ക് വീസ രഹിത പ്രവേശനം നൽകാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് തീരുമാനിച്ചു. പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി, ബംഗ്ലദേശ് ആഭ്യന്തരമന്ത്രി ജഹാംഗീർ ആലം ചൗധരി എന്നിവരുടെ കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്.
15 വർഷത്തിന് ശേഷം, പാക്കിസ്ഥാന്റെ വിദേശകാര്യ സെക്രട്ടറി അംന ബലോച്ച് ഇത്തവണ ഏപ്രിലിൽ ധാക്ക സന്ദർശിച്ചിരുന്നു.
Pakistani Deputy Prime Minister to visit Bangladesh on August 23 as ties warm after 15 years