ലോസ് ഏഞ്ചൽസ്: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദമായ സൈനിക വിന്യാസം കുറച്ചുകൊണ്ട്, ലോസ് ഏഞ്ചൽസിൽ നിന്ന് ആയിരത്തിലധികം നാഷണൽ ഗാർഡ് സൈനികരെ പിൻവലിക്കാൻ പെന്റഗൺ ഉത്തരവിട്ടു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ജൂലൈ 30-നാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
നഗരത്തിലും തെക്കൻ കാലിഫോർണിയയിലുമായി അടുത്തിടെ നടന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് റെയ്ഡുകളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെയാണ് ഫെഡറൽ കെട്ടിടങ്ങൾക്കും ഉദ്യോഗസ്ഥർക്കും സംരക്ഷണം നൽകാനായി 1,350 കാലിഫോർണിയ നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചത്. എന്നാൽ, ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചത്.
വൈറ്റ് ഹൗസ് 60 ദിവസത്തേക്ക് പ്രഖ്യാപിച്ച സൈനിക വിന്യാസത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഈ നീക്കം. ജൂൺ 7-നാണ് വിന്യാസം ആരംഭിച്ചത്. രണ്ടാഴ്ച മുൻപും 2,000 കാലിഫോർണിയ നാഷണൽ ഗാർഡ് സൈനികരെ ലോസാഞ്ചൽസിൽ നിന്ന് പിൻവലിച്ചിരുന്നു.