ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‍് ട്രംപ് ഉയർത്തിയ 50 ശതമാനം താരിഫ് ഭീഷണിക്കിടെ ഇന്ത്യയും റഷ്യയും തമ്മിൽ സുപ്രധാന ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി വിശധമായ ടെലിഫോൺ സംഭാഷണം നടത്തി.യുക്രൈനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിന് പ്രധാനമന്ത്രി പുടിനോട് നന്ദി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തുകയും ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താമെന്നും മോദിയും പുടിനും വ്യക്തമാക്കി.
പ്രധാനമന്ത്രി മോദി തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഇന്ത്യയിലെത്താൻ പ്രസിഡന്റ് പുടിനെ മോദി ക്ഷണിക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ ബന്ധത്തിന്റെ ശക്തമായ അടിത്തറയും തന്ത്രപരമായ സഹകരണവും ഈ ചർച്ച വീണ്ടും ഉറപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള അമേരിക്കൻ ഭീഷണിയുടെ കൂടി പശ്ചാത്തലത്തിലാണ് മോദി-പുടിൻ ചർച്ച എന്നത് ശ്രദ്ധേയമാണ്. ട്രംപിന്‍റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കില്ലെന്നും ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ ഉറച്ച നിലപാടുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്. വ്യാപാര ബന്ധങ്ങളിൽ അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങൾക്ക് വലിയ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അമേരിക്കൻ സന്ദർശനം റദ്ദാക്കിക്കൊണ്ടുള്ള ശക്തമായ സന്ദേശവും ഇന്ത്യ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള സന്ദർശനമായിരുന്നു പ്രതിരോധ മന്ത്രിയുടേത്. മോദിയുടെ സന്ദർശന വേളയിൽ ധാരണയിലെത്തിയിരുന്ന ആയുധ കരാരുകളിലടക്കം ഒപ്പു വയ്ക്കാനും അവ പ്രഖ്യാപിക്കാനുമായിരുന്നു രാജ്നാഥിന്‍റെ യാത്ര. എന്നാൽ ഇതെല്ലാം തത്കാലത്തേക്ക് മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്.
റഷ്യയുമായി ഇന്ത്യക്ക് ഒരുപാട് വർഷങ്ങൾ നീണ്ട വ്യാപാര ബന്ധമാണുള്ളത്. എണ്ണയും ആയുധങ്ങളുമെല്ലാം കാലങ്ങളായി റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിന്‍റെ പക്കലുള്ള നിരവധി ആയുധങ്ങൾ റഷ്യയിൽ നിന്ന് വാങ്ങിയവയാണ്. റഷ്യയുമായുള്ള ആയുധ കരാറും വ്യാപാര ബന്ധവും അതുകൊണ്ട് തന്നെ ഇന്ത്യ തുടരും. ട്രംപ് എന്തുപറഞ്ഞാലും റഷ്യയുമായുള്ള വ്യാപാരം നിർത്തിവയ്ക്കില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിച്ചുകൊണ്ട് സംയമനത്തോടെ വിഷയം കൈകാര്യം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.