തിരുവനന്തപുരം: ലൈംഗിക, ഗർഭഛിദ്ര ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളിൽ ഒരാളുടെ ശബ്ദ സന്ദേശത്തിൽ രാഹുലിന്റെ പേര് പരാമർശിച്ചതിനെ തുടർന്നാണ് ഇത്. ഈ കേസിൽ ശനിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ക്രൈം ബ്രാഞ്ച് രാഹുലിന് നോട്ടീസ് നൽകി. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി രാഹുലും സംഘവും വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ച് വോട്ടെടുപ്പ് അട്ടിമറിച്ചെന്നാണ് കേസ്. ഈ കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചു എന്നതാണ് കേസ്. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ വ്യാജരേഖകൾ ഉണ്ടാക്കി എന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതികളായ ഫെനി നൈനാൻ, ബിനിൽ ബിനു എന്നിവർക്ക് രാഹുൽ മാങ്കൂട്ടത്തിൽ സഹായം നൽകിയതായി പോലീസ് കണ്ടെത്തി. പ്രതികൾക്ക് സഞ്ചരിക്കാൻ കാർ നൽകിയെന്നും, മൊബൈൽ ഫോണുകൾ ഒളിപ്പിച്ചത് രാഹുലിന്റെ സാന്നിധ്യത്തിലാണെന്നും പോലീസ് പറയുന്നു.
കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ആദ്യം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ അദ്ദേഹം, വ്യാജ കാർഡുകളെക്കുറിച്ച് അറിയില്ലെന്ന് മൊഴി നൽകി. പിന്നീട്, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷവും രാഹുലിനെ ചോദ്യം ചെയ്തു. പിന്നാലെ വ്യാജരേഖ കേസിൽ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചു. ആദ്യം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചെങ്കിലും, പിന്നീട് തിരുവനന്തപുരം സെഷൻസ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.