വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ റോസ് ഗാർഡൻ നവീകരിച്ചതിനെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റോസ് ഗാർഡനിലെ പുൽത്തകിടി മാറ്റി കല്ല് പാകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
1913-ൽ നിർമ്മിച്ച റോസ് ഗാർഡൻ, അനേകം പ്രസിഡൻഷ്യൽ പരിപാടികൾക്ക് വേദിയായിട്ടുണ്ട്. ട്രംപിന്റെ നിർദ്ദേശപ്രകാരം, പുൽത്തകിടിക്ക് പകരം കല്ലുകൾ പാകുകയായിരുന്നു. അതേസമയം, റോസ് ചെടികളും മറ്റ് സസ്യലതാദികളും അവിടെ നിലനിർത്തിയിട്ടുണ്ട്.
“റോസ് ഗാർഡനെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ഇത് ചെയ്യേണ്ടത് ആവശ്യമായിരുന്നു,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുൽത്തകിടി പരിപാടികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“പത്രസമ്മേളനങ്ങൾ നടക്കുമ്പോൾ ചെളിയിൽ താഴ്ന്നുപോകുമായിരുന്നു. അവിടെ പുല്ലായിരുന്നു, അത് എപ്പോഴും നനഞ്ഞതും ഈർപ്പമുള്ളതുമായിരുന്നു. മഴ പെയ്താൽ ഉണങ്ങാൻ മൂന്നോ, നാലോ, അഞ്ചോ ദിവസം എടുക്കുമായിരുന്നു. അതിനാൽ ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് അത് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല,” ട്രംപ് പറഞ്ഞു. പുതിയ റോസ് ഗാർഡൻ, ട്രംപിന്റെ ഫ്ലോറിഡയിലെ റിസോർട്ടും വസതിയുമായ മാർ-എ-ലാഗോയിലെ പൂന്തോട്ടത്തിന് സമാനമാണ്.