തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ പ്രതിഷേധം തുടർന്നു. പോലീസിന് നേരെ തീപ്പന്തമെറിഞ്ഞ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിൻമാറാതെ വന്നതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. പോലീസിന് നേരെ കല്ലേറുമുണ്ടായി.
വടകരയിൽ ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രവർത്തകർ വടകരയിൽ നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിലിന് മർദനമേറ്റു. സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറിൽനിന്ന് ഇറക്കി പോലീസ് ഒത്താശയോടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നാണ് ദുൽഖിഫിലിന്റെ പരാതി.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എം.എൽ.എ. കെ.കെ. രമയും യു.ഡി.എഫ്. പ്രവർത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. കെ.കെ. രമ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന റൂറൽ എസ്.പി.യുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിച്ചത്.
ഇന്ന് ഉച്ചയോടെയാണ് വടകരയിൽ ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. ‘രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകിയില്ലേ?’ എന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഷാഫിയുടെ കാർ തടഞ്ഞത്. കാറിൽനിന്നിറങ്ങിയ ഷാഫി രൂക്ഷമായി പ്രതികരിച്ചതോടെ പോലീസ് ഷാഫിക്കും ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമിടയിൽ നിലയുറപ്പിച്ചു. തെറി പറഞ്ഞാൽ കേട്ടുനിൽക്കില്ലെന്നും ആരെയും പേടിച്ച് പോകില്ലെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. “അതിന് വേറെ ആളെ നോക്കണം, നായേ, പട്ടീ എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കുമെന്ന് കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു. ധൈര്യമുണ്ടെങ്കിൽ, ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യൂ.” എന്നും ഷാഫി സമരക്കാരോട് പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി നിലകൊണ്ടതോടെ പോലീസ് വലയത്തിൽനിന്ന് ഇറങ്ങിയ ഷാഫി, കോൺഗ്രസ് പ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.
Protest over DYFI stopping Shafi Parambil in Vadakara; Massive clash at Youth Congress march in front of Cliff House