ദില്ലി : റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ അമേരിക്ക ചുമത്തിയ 25 ശതമാനം പിഴ താരിഫ്
സാമ്പത്തിക ഭീഷണിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്ക് മേൽ 50% താരിഫ് എന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം ഇന്ത്യയെ നീതി രഹിതനായ അമേരിക്കൻ വ്യാപാര കരാറിലേക്ക് എത്തിക്കാനുള്ള കെണിയാണെന്നും ആരോപിച്ചു. ട്രംപിന്റെ 50% താരിഫ് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തൻറെ ബലഹീനത ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങൾക്ക് മുകളിൽ വെക്കരുതെന്നും രാഹുൽ തുറന്നടിച്ചു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിനുള്ള ശിക്ഷ എന്ന നിലയിലാണ് ട്രംപ് ഇന്ത്യയ്ക്ക് മേൽ അധികമായി 25% പിഴ താരിഫ് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്കുള്ള മൊത്തം താരിഫ് 50% ആയി ഉയർന്നു. ഈ തീരുമാനം ടെക്സ്റ്റൈൽസ്, സമുദ്രോത്പന്നങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അമേരിക്കക്കെതിരെ ട്രംപ്
ട്രംപിന്റെ നടപടിയെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അന്യായവും യുക്തിരഹിതവും എന്ന് വിശേഷിപ്പിച്ചു. മറ്റ് പല രാജ്യങ്ങളും റഷ്യയുമായി വ്യാപാരം നടത്തുന്നുണ്ടെന്നും, ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.