രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ : തിരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യതയുടെ ചോദ്യചിഹ്നം

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ : തിരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യതയുടെ ചോദ്യചിഹ്നം

ജെയിംസ് കൂടൽ

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി ബിഹാറിൽ ‘വോട്ട് അധികാർ യാത്ര’ക്ക് തുടക്കമിട്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം ഉന്നയിച്ച ചില ആരോപണങ്ങൾ രാജ്യമെങ്ങും വലിയ ചർച്ചകൾക്ക് വഴിവെച്ചു. ബി.ജെ.പിക്ക് മുപ്പതിനായിരത്തിൽ താഴെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലങ്ങളിൽ വോട്ടുകൊള്ള നടന്നിട്ടുണ്ടെന്നും, വോട്ടർപട്ടികയിൽ വ്യാപകമായ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി. കർണാടകയിലും മഹാരാഷ്ട്രയിലും ഇരട്ടവോട്ടുകൾ ഉണ്ടായതും, ബിഹാറിലെ വോട്ടർപട്ടികയിൽ ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി മാറ്റിയതും അദ്ദേഹം എടുത്തുപറഞ്ഞു. ഈ വെളിപ്പെടുത്തലുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തി.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളിലൊന്നായ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത ഇന്ന് ഗുരുതരമായ ചോദ്യങ്ങൾ നേരിടുകയാണ്. സമീപകാലത്ത് ഉയർന്നുവന്ന ചില സംഭവവികാസങ്ങൾ, ഭരണഘടനാപരമായ ഈ സ്ഥാപനം ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’യുടെ പശ്ചാത്തലത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിലപാടുകൾ ഇതിന് ഉദാഹരണമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രതികരണം

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിലപാട് വിചിത്രവും നിരാശാജനകവുമായിരുന്നു. ‘തെളിവ് നൽകുക അല്ലെങ്കിൽ മാപ്പ് പറയുക’ എന്ന ഭീഷണി സ്വരത്തിലായിരുന്നു കമ്മീഷൻ്റെ പ്രതികരണം. സാധാരണയായി, ഒരു ഭരണഘടനാ സ്ഥാപനം ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ അവയെക്കുറിച്ച് അന്വേഷിക്കുകയാണ് പതിവ്. എന്നാൽ അതിനുപകരം, ചോദ്യങ്ങൾ ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുന്ന സമീപനം കമ്മീഷൻ സ്വീകരിച്ചു. ഇത് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ബി.ജെ.പി നൽകിയ അതേ പ്രതികരണം തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

വോട്ടിങ് പ്രക്രിയയുടെ വീഡിയോകൾ നശിപ്പിക്കുന്നത് എന്തിനാണ്, വോട്ടർപട്ടികയിൽ തട്ടിപ്പുകൾ നടത്തുന്നത് എന്തിനാണ്, ഡിജിറ്റൽ വോട്ടർപട്ടിക നൽകാത്തത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങൾ രാഹുൽ കമ്മീഷനോട് ചോദിച്ചിരുന്നു. എന്നാൽ കമ്മീഷൻ നടത്തിയ വാർത്താസമ്മേളനത്തിൽ ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി ഉണ്ടായില്ല. പകരം, ആരോപണങ്ങൾ ഉന്നയിക്കുന്നവരെ പരിഹസിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. ഇത്, കമ്മീഷൻ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്.

അനൗചിത്യത്തിൻ്റെ രാഷ്ട്രീയം

രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’ ആരംഭിച്ച അതേ ദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചുചേർത്തതും യാദൃച്ഛികമല്ല. യാത്രക്ക് ലഭിച്ച ജനപിന്തുണ കണ്ട് വിറളി പിടിച്ച ബി.ജെ.പിക്ക് വേണ്ടി മറുപടി പറയാൻ കമ്മീഷൻ രംഗത്തിറങ്ങിയതുപോലെയാണ് ഈ നടപടി വ്യാഖ്യാനിക്കപ്പെട്ടത്. ഒരു ഭരണഘടനാ സ്ഥാപനത്തിന് ചേരാത്ത ഈ പ്രവൃത്തി രാജ്യത്തിന് അപമാനകരമായ ഒരു നടപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഈ സ്ഥാപനം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവായി മാറുമ്പോൾ, ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ തന്നെ തകരുന്നു. ഈ സാഹചര്യത്തിൽ, ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനും തങ്ങളുടെ നിഷ്പക്ഷത തെളിയിക്കാനും കമ്മീഷൻ പ്രതിജ്ഞാബദ്ധമായിരിക്കണം. അല്ലെങ്കിൽ, ‘വോട്ടുകൊള്ള’ എന്ന ആരോപണം കേവലം ഒരു രാഷ്ട്രീയ ആരോപണത്തിനപ്പുറം യാഥാർത്ഥ്യമാണെന്ന് ജനങ്ങൾ വിശ്വസിക്കും.

Rahul Gandhi’s allegations: Question mark over Election Commission’s credibility

Share Email
Top