തിരുവനന്തപുരം: യുവ നടി ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടം പുറത്തേയ്ക്ക്. രാഹുലിനെതിരേ ശക്തമാ നടപടി ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പാലക്കാട് എംഎല്‍എകൂടിയായ രാഹുലിനെതിരേ യുവ നടിക്കു പിന്നാലെ എഴുത്തുകാരിയും രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ എഐസിസിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായേക്കും.പരാതികള്‍ അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസി നേതൃത്വത്തിനോട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി നിര്‍ദേശിച്ചതായാണ് വിവരം.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഒട്ടനവധി പരാതികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ ആരോപണങ്ങളും പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഒട്ടും അലംഭാവം കാട്ടാതെ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പാലക്കാട് എംഎല്‍എ പദവിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. എംഎല്‍എ ആയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തെ മാറ്റുന്നതിനെ കുറിച്ച് നേതൃതലത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തെ മാറ്റി മുഖം രക്ഷിക്കാനുള്ള ആലോചനകളിലേക്ക് നേതൃത്വം കടന്നതായാണ് വിവരം.
ഇതുസംബന്ധിച്ച് കൂടുതല്‍ പരസ്യ പ്രതികരണങ്ങളിലേക്ക് നേതാക്കള്‍ കടന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്നത് അടക്കമുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തെ മാറ്റണമെന്ന തരത്തില്‍ നേതാക്കളുടെ ഇടയില്‍ നിന്ന് തന്നെ അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.
Rahul Mangkootam steps out