തിരുവനന്തപുരം : ഗർഭച്ഛിദ്രത്തിന് യുവതിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അടക്കം നിരവധി സ്ത്രീകളിൽ നിന്നും ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകാനായി വിളിച്ച വാർത്താസമ്മേളനം രാഹുൽ മാങ്കൂട്ടത്തിൽ റദ്ദാക്കി. വൈകിട്ട് 4.45 ഓടെയാണ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് രാഹുൽ അറിയിച്ചത്. വാർത്താസമ്മേളനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല.
യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. ഈ വിവാദത്തിൽ വിശദീകരണം നൽകാനാണ് രാഹുൽ മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വച്ചെങ്കിലും എം.എൽ.എ സ്ഥാനം രാജി വയ്ക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം ശക്തമാണ്.
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ നിലപാട് എടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് തെളിയിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം കൂടി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലപാടെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചിട്ടുണ്ട്.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും, വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും വി.ഡി. സതീശൻ ഉറപ്പുനൽകി.വിവാദങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇടരുതെന്ന് യു.ഡി.എഫ്. പ്രവർത്തകർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.