ബലാത്സം​ഗ കേസിൽ റാപ്പർ വേടൻ ഒളിവിൽ, കൊച്ചി ബോൾഗാട്ടിയിലെ സംഗീത പരിപാടി മാറ്റി

ബലാത്സം​ഗ കേസിൽ റാപ്പർ വേടൻ ഒളിവിൽ, കൊച്ചി ബോൾഗാട്ടിയിലെ സംഗീത പരിപാടി മാറ്റി

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ഒളിവിൽ പോയതോടെ കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സംഗീതനിശ സംഘാടകർ റദ്ദാക്കി. വേടൻ ഒളിവിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഒരു യുവതിയുടെ പരാതിയെ തുടർന്നാണ് വേടനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സുഹൃത്തായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ശാരീരികമായി ഉപദ്രവിച്ചെന്നും പണം തട്ടിയെടുത്തെന്നും പരാതിക്കാരി പറയുന്നു.നേരത്തെ, മീ ടൂ ആരോപണത്തെ തുടർന്ന് വേടൻ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, പുതിയ പരാതി വന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

2021 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര പോലീസാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരാതിയിൽ പറയുന്നുണ്ട്.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വേടൻ ഒളിവിൽ പോവുകയായിരുന്നു.

Share Email
LATEST
Top