ബഹ്‌റൈന്റെ പ്രധാന വാണിജ്യ കേന്ദ്രമായ മനാമ സെൻട്രൽ മാർക്കറ്റിന്റെ മുഖംമാറ്റ പദ്ധതികൾ പുരോഗമിക്കുന്നു. നവീകരണത്തിന്റെ നാലാം ഘട്ടം 2025-2028 കാലയളവിൽ നടപ്പാക്കാനാണ് തീരുമാനം. ഇതിന്‍റെ ബജറ്റ് ഇനിയും തീരുമാനിച്ചിട്ടില്ല.
2017 മുതൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതികൾക്ക് ഏകദേശം 2.296 ദശലക്ഷം ദിനാർ ചെലവഴിച്ചു. പുതിയ ഘട്ടത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ മെച്ചപ്പെടുത്തൽ, സേവനങ്ങളുടെ നവീകരണം, പ്രധാന ഭാഗങ്ങളുടെ പുതുക്കൽ എന്നിവക്ക് പ്രാധാന്യം നൽകും.
നാലാം ഘട്ടത്തിലെ പ്രധാന പ്രവൃത്തികൾ
- സുരക്ഷ, അഗ്നിശമന സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ
- പുതിയ വൈദ്യുതി ശൃംഖലകളും കേബ്ലിംഗ് സംവിധാനങ്ങളും
- അഴുക്കുചാലും മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങളും പുതുക്കൽ
- തറകൾ പുനർനിർമ്മിച്ച് താപ ഇൻസുലേഷൻ സ്ഥാപിക്കൽ
- വഴികളും നടപ്പാതകളും പുനഃക്രമീകരിക്കൽ
- പഴം–പച്ചക്കറി, മീൻ–മാംസം മാർക്കറ്റുകൾക്ക് മുന്നിലും മാർക്കറ്റിന് ചുറ്റും പുതിയ പാർക്കിംഗ് സൗകര്യങ്ങൾ
കഴിഞ്ഞ വർഷങ്ങളിൽ പൂർത്തിയായ പദ്ധതികൾ
2023–2024 കാലഘട്ടത്തിൽ 12 പദ്ധതികൾ പൂർത്തിയാക്കി.
- എയർ കണ്ടീഷനിംഗ് സംവിധാനം പൂർണമായി നവീകരിച്ചു
- എയർ കണ്ടൻസറുകൾ സ്ഥാപിച്ചു
- ഈച്ചകളെ അകറ്റാനുള്ള സംവിധാനം
- മെച്ചപ്പെട്ട അഗ്നിശമന സംവിധാനം
- സോളാർ ലൈറ്റിംഗ്
- മീൻ–മാംസം മാർക്കറ്റുകളിൽ എയർ കർട്ടനുകൾ
- പൊതു ശൗചാലയങ്ങൾ പൊളിച്ച് പുതിയത് നിർമ്മിച്ചു
- ഫിഷ് മാർക്കറ്റിലെ മേൽക്കൂര പുനർനിർമ്മിച്ചു
- ലോഡിംഗ്, അൺലോഡിംഗ് സോണുകൾ മേൽക്കൂരയിട്ട് തണലാക്കി
ചെലവഴിച്ച തുകകൾ
- 2017–2019: 1.29 ദശലക്ഷം ദിനാർ
- 2020–2022: 1,01,500 ദിനാർ
- 2023–2024: 9,04,500 ദിനാർ
വിപുലമായ വ്യാപാര കേന്ദ്രം
1,41,302 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മനാമ മാർക്കറ്റിൽ പഴം–പച്ചക്കറി, മാംസം, മത്സ്യം എന്നീ നാല് പ്രധാന വിഭാഗങ്ങളിലായി 952 വ്യാപാര യൂണിറ്റുകൾ ഉണ്ട്. കടകൾ, ഓഫീസുകൾ, കഫേകൾ എന്നിവയും ഉൾപ്പെടുന്നു.
നവീകരണപദ്ധതികൾ ക്യാപിറ്റൽ മുനിസിപ്പാലിറ്റി, വ്യവസായ–വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.
Renovation Project at Manama Central Market Moves to Fourth Phase