വാഷിംഗ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അറസ്റ്റിലായി തടവില്‍ പാര്‍പ്പിച്ചവരില്‍ നിരവധിപ്പേര്‍ക്ക് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. ഡമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഒസോഫാണ് കുടിയേറ്റ തടവുകാര്‍ കടത്ത പീഡനം നേരിടുന്നതായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒസോഫിന്റെ ഓഫീസ് ആറുമാസം നടത്തിയ അന്വേഷണത്തില്‍ 510 മനുഷ്യാവകാശസംഘന സംഭവങ്ങള്‍ തിരിച്ചറിഞ്ഞതായി അവകാശപ്പെടുന്നു. ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമേല്‍ നടന്ന മോശം പെരുമാറ്റം തുടങ്ങിയവയാണ് പ്രധാനപ്പെട്ട കണ്ടെത്തലുകള്‍.
ഇതില്‍ 41 ലൈംഗീക ദുരുപയോഗ കേസുകള്‍ ഉള്‍പ്പെടുന്നു. കുട്ടികളോട് മോശമായി പെരുമാറിയ 18 സംഭവങ്ങളും ഗര്‍ഭണികളോട് മോശമായ പെരുമാറിയ 14 സംഭവങ്ങളുമാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങളെ ഡിഎച്ച്എസ് എതിര്‍ത്തു. ജോണ്‍ ഒസോഫിന്റെ അന്വേഷണം സംബന്ധിച്ച വാര്‍ത്ത എന്‍ബിസി ന്യൂസാണ് പുറത്തുവിട്ടത്.
വൈദ്യസഹായം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നു ഗര്‍ഭിണികളായ തടവുകാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു തടങ്കല്‍ കേന്ദ്രത്തില്‍ വൈദ്യ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഗര്‍ഭിണിയായ യുവതിയോട് ‘വെള്ളം കുടിക്കൂ’ എന്നായിരുന്നു പ്രതികരണം. കുട്ടികള്‍ക്കും ചികിത്സാ നിഷേധം ഉണ്ടായതായി പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
11 വയസുകാരിയായ കുട്ടിക്ക് തലച്ചോറിലെ കാന്‍സറിനുള്ള ചികിത്സ കൃത്യസമയത്ത് ലഭിച്ചില്ല. കാന്‍സര്‍ ബാധിതനായ നാലുവയസുകാരനെ മരുന്നുകള്‍ നല്കാതെ ഹോണ്ടുറാസിലേക്ക് തിരിച്ചയച്ചതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
തടവറില്‍ ഗാര്‍ഡുകളുടെ ആക്രമണങ്ങള്‍ക്കും ഇവര്‍ വിധേയരാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പോഷകാഹാരമോ വൈദ്യ സഹായമോ കൃത്യമായി ലഭിക്കുന്നില്ല. ടെക്സാസിലും കാലിഫോര്‍ണിയയിലുമുള്ള കേന്ദ്രങ്ങളില്‍ ലൈംഗിക അതിക്രമവും നടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഡിഎച്ച്എസ് നിഷേധിച്ചു. ഐസിഇ തടങ്കല്‍ കേന്ദ്രങ്ങളില്‍ മോശം സാഹചര്യങ്ങളില്ലെന്നും തടവുകാര്‍ക്ക് കള്‍ക്ക് ആവശ്യമായ ഭക്ഷണവും ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ മക്ലാഫ്‌ലി പ്രതികരിച്ചു.
തടങ്കലിലായിരിക്കുന്നു എന്നപേരില്‍ മനുഷ്യാവകാശം നിഷേധിക്കപ്പെടരുതെന്നു സെനറ്റര്‍ ഒസോഫ് പ്രതികരിച്ചു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നേരെയുണ്ടായ ചൂഷണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആറു മാസത്തോളം നീണ്ട അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്സാസിലും ജോര്‍ജിയയിലുമുള്ള ആറു കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള സന്ദര്‍ശനം നടത്തിയത്. കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഡിഎച്ച്എസ് സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Report: Immigrant detainees in the US face severe human rights violations; Pregnant women and children denied medical treatment, sexual assault in prison