വാഷിങ്ടൺ: യു.എസ്. സമൂഹമാധ്യമങ്ങളിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷവും വംശീയതയും വർധിക്കുന്നതായി റിപ്പോർട്ട്. എച്ച്1ബി വിസയിൽ ജോലി തേടുന്ന ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയാണ് പ്രധാനമായും വിദ്വേഷ പ്രചാരണം നടക്കുന്നത്. ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഇത് വ്യാപകമാണെന്ന് ന്യൂസ്‌വീക്ക് റിപ്പോർട്ട് ചെയ്യുന്നു.
വിദഗ്ധരായ വിദേശ പൗരന്മാരെ ഐ.ടി. പോലുള്ള പ്രത്യേക മേഖലകളിൽ നിയമിക്കാൻ യു.എസ്. കമ്പനികളെ അനുവദിക്കുന്ന ഒരു വിസ പ്രോഗ്രാമാണ് എച്ച്1ബി വിസ. യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ പ്രകാരം, 2024-ൽ എച്ച്1ബി വിസ ലഭിച്ചവരിൽ 71 ശതമാനവും ഇന്ത്യയിൽനിന്നുള്ളവരാണ്.
2024-ലെ തിരഞ്ഞെടുപ്പ് കാലത്ത് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, നിലവിലെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ വാൻസ് എന്നിവർ ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ ഉഷ വാൻസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനം നേരിട്ടു. ഉഷയെ വിവാഹം ചെയ്തതിന് ജെ.ഡി. വാൻസിനുനേരെയും വിമർശനം ഉയർന്നിരുന്നു.
വിദ്വേഷ പ്രചാരണത്തിന് പിന്നിൽ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ അല്ലെങ്കിൽ ‘മാഗാ’ (MAGA) നയത്തെ പിന്തുണയ്ക്കുന്ന തദ്ദേശീയവാദികളാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡർ ഇക്വിറ്റി അലയൻസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ ഏഷ്യക്കാർക്കെതിരെ നടന്ന അവഹേളനങ്ങളിൽ 75 ശതമാനവും ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിട്ടുള്ളതായിരുന്നു.
ട്രംപിന്റെയും ഗവർണർമാരുടെയും നിലപാടുകൾ
വൈറ്റ് ഹൗസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സീനിയർ പോളിസി ഉപദേഷ്ടാവായി ശ്രീറാം കൃഷ്ണനെ നിയമിച്ചതിന് പിന്നാലെ മാഗാ അനുകൂലികളുടെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള വിദ്വേഷ പ്രചാരണമുണ്ടായി. ശ്രീറാം കൃഷ്ണൻ എച്ച്1ബി വിസകളെ പിന്തുണച്ചതും, ഗ്രീൻ കാർഡുകൾക്ക് രാജ്യത്തിന്റെ പരിധി നിശ്ചയിക്കുന്നത് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടതുമാണ് വിദ്വേഷ പ്രചാരണം ശക്തമാകാൻ കാരണം.
ട്രംപിന്റെ വാക്കുകൾ ഇതാണ്: “നമ്മുടെ പല വലിയ ടെക് കമ്പനികളും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങൾ കൊയ്തുകൊണ്ട് ചൈനയിൽ ഫാക്ടറികൾ നിർമിക്കുകയും ഇന്ത്യയിൽ തൊഴിലാളികളെ നിയമിക്കുകയും അയർലണ്ടിന് ലാഭം നൽകുകയും ചെയ്യുന്നു. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ ആ ദിവസങ്ങൾ കഴിഞ്ഞു.”
എച്ച്1ബി വിസക്കെതിരെ സംസ്ഥാനങ്ങളിലെ ഗവർണർമാരും രംഗത്തെത്തിയിട്ടുണ്ട്. “എച്ച്1ബി വിസ മുഴുവൻ തട്ടിപ്പാണെന്ന്” ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് അഭിപ്രായപ്പെട്ടു. എച്ച്1ബി വിസയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയത് ഇന്ത്യക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലോറിഡ ഗവർണറുടെ വിമർശനം.
Reports indicate a rise in anti-immigrant and racist sentiment against Indians on US social media platforms, particularly concerning the H1B visa program.