അലാസ്ക ഉച്ചകോടിക്ക് മണിക്കൂറുകൾ മാത്രം ബാക്കി; യുക്രൈനെ ഞെട്ടിച്ച് റഷ്യൻ മിസൈൽ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു

അലാസ്ക ഉച്ചകോടിക്ക് മണിക്കൂറുകൾ മാത്രം ബാക്കി; യുക്രൈനെ ഞെട്ടിച്ച് റഷ്യൻ മിസൈൽ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു

കീവ്: അലാസ്കയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള നയതന്ത്ര ചർച്ചകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, മധ്യ യുക്രൈനിലെ ഡിനിപ്രോ നഗരത്തിന് സമീപം റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു. ആക്രമണം തുടരുകയാണെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ഒരു ട്രക്കിനും മിനി ബസിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പ്രാദേശിക സൈനിക ഭരണകൂടം മേധാവി സെർഹി ലിസാക് പറഞ്ഞു.

റഷ്യയോട് അതിർത്തി പങ്കിടുന്ന സുമി മേഖലയിൽ ഒരു “സാധാരണ പൗരൻ്റെ അടിസ്ഥാന സൗകര്യങ്ങളെ” ലക്ഷ്യമിട്ട് മറ്റൊരു ആക്രമണവും നടന്നതായി സുമിയുടെ പ്രാദേശിക സൈനിക ഭരണകൂടം മേധാവി ഒലെ ഹ്രിഹോറോവ് അറിയിച്ചു. കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിലെ സ്വിയാറ്റോഹിർസ്കിൽ റഷ്യൻ വെടിവെയ്പ്പിൽ രണ്ട് യുക്രേനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞു.

അതേസമയം, യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും അലാസ്കയിലേക്ക് തിരിച്ചതിന് പിന്നാലെ, ഈ കൂടിക്കാഴ്ചയിൽ തങ്ങൾക്ക് വലിയ പ്രതീക്ഷകളില്ലെന്ന് യുദ്ധമുഖത്തുള്ള യുക്രൈൻ കമാൻഡർമാർ പ്രതികരിച്ചിരുന്നു. “ഈ കൂടിക്കാഴ്ചയിൽ നിന്ന് യാതൊരു ഫലവും പ്രതീക്ഷിക്കുന്നില്ല. അവർ സംസാരിച്ച് എന്തെങ്കിലും കരാറിൽ എത്തിയേക്കാം, പക്ഷേ അതിന് അർത്ഥമില്ല. റഷ്യക്കാരെ വിശ്വസിക്കാൻ കഴിയില്ല. അവർ ഒന്ന് വാഗ്ദാനം ചെയ്യുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യും,” കിഴക്കൻ യുക്രൈനിൽ സേവനമനുഷ്ഠിക്കുന്ന യുക്രൈൻ സൈനിക ഉദ്യോഗസ്ഥൻ സെർഹി സെഹോട്സ്കിയ് പറഞ്ഞു.

Share Email
LATEST
Top