ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് അവസാനത്തോടെ പുടിൻ ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യാഴാഴ്ച മോസ്കോയിൽ പറഞ്ഞതായി ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ഡോവൽ നിലവിൽ റഷ്യയിലാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള താരിഫ് യുദ്ധം മുറുകുന്നതിനിടയിലാണ് പുടിന്‍റെ തീരുമാനമെന്നത് ശ്രദ്ധേയമാണ്.
യുക്രെയ്നും റഷ്യയും തമ്മിൽ 2022 മുതൽ സംഘർഷം ആരംഭിച്ചതിനുശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയിൽ 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി റഷ്യ സന്ദർശിച്ചിരുന്നു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളർത്താൻ നൽകിയ അനിതരസാധാരണമായ സേവനത്തിനുള്ള ബഹുമതിയായി, സന്ദർശന വേളയിൽ, റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓഡർ ഓഫ് സെയ്ന്റ് ആൻഡ്രൂ ദ അപ്പോസ്തൽ’ പ്രസിഡന്റ് പുടിൻ സമ്മാനിച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെ കസാനിലെത്തിയപ്പോഴായിരുന്നു ഇരുവരും പിന്നീട് കണ്ടുമുട്ടിയത്.