കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർമ്മാതാവ് സാന്ദ്രാ തോമസിന്റെ പത്രികകൾ തള്ളി. പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്കും സാന്ദ്ര നൽകിയിരുന്ന പത്രികകളാണ് വരണാധികാരി തള്ളിയത്. ഇതോടെ, സാന്ദ്രയ്ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മാത്രമെ മത്സരിക്കാൻ സാധിക്കൂ എന്നാണ് നിലവിലെ വിവരം.
വരണാധികാരിയുമായി സാന്ദ്ര തോമസ് തർക്കത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ കുറഞ്ഞത് മൂന്ന് സിനിമകൾ നിർമ്മിച്ചിരിക്കണം എന്നാണ് അസോസിയേഷൻ നിയമാവലി വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, സാന്ദ്ര തോമസ് ‘ലിറ്റിൽ ഹാർട്സ്’, ‘നല്ല നിലാവുള്ള രാത്രി’ എന്നീ രണ്ട് സിനിമകൾ മാത്രമാണ് നിർമ്മിച്ചിട്ടുള്ളതെന്ന് വരണാധികാരി ചൂണ്ടിക്കാട്ടി. ഒരു സിനിമ നിർമ്മിച്ചവർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാമെന്നും വ്യക്തമാക്കി.
ഇതേത്തുടർന്നാണ് സാന്ദ്രയുടെ പത്രികകൾ തള്ളാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പ്രചരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ഇത് സാന്ദ്രയുടെ തിരഞ്ഞെടുപ്പ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.