തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് ഓണത്തിന് നാലു കിലോ വീതം അരി നല്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പ്. ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും നാലു കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു.
ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെ വഹിക്കാവുന്നതാണെന്നും മന്ത്രി വ്യക്ത മാക്കി.
School children to get 4 kg of rice each for Onam: Education Department announces